ജര്‍മന്‍ നേവിക്ക് ആദ്യ വനിതാ സബ്മറൈന്‍ ഓഫീസര്‍
Saturday, April 5, 2014 8:23 AM IST
ബര്‍ലിന്‍: ജര്‍മന്‍ നാവികയില്‍ ആദ്യമായൊരു വനിതയെ സബ്മറൈന്‍ ഓഫീസറായി നിയമിച്ചു. ജാനിന്‍ ആസെലിന്‍ എന്ന ഇരുപത്തേഴുകാരിക്കാണ് ഈ നേട്ടം സ്വന്തമായിരിക്കുന്നത്. ടൈപ്പ് 212 യു31 മുങ്ങിക്കപ്പലിലാണ് അവര്‍ സേവനമനുഷ്ഠിക്കാന്‍ പോകുന്നത്.

പുരുഷന്മാരായ സഹപ്രവര്‍ത്തകരുടെ ബഹുമാനം പിടിച്ചുപറ്റുകയായിരിക്കും തനിക്കു മുന്നിലുള്ള ആദ്യ വെല്ലുവിളിയെന്ന് ജാനിന്‍ പറയുന്നു. ആദ്യം ചില പരിഹാസങ്ങളൊക്കെ ഉണ്ടാകുമെന്നറിയാം. ജോലി ചെയ്യാന്‍ കഴിയുമെന്നു തെളിയിച്ചാല്‍ അതൊക്കെ അവസാനിക്കുമെന്നും ജാനിന്‍.

28 അംഗങ്ങള്‍ക്കിടയിലെ ഏക വനിതയായാണ് ജാനിന്റെ നിയമനം. സഹപ്രവര്‍ത്തകര്‍ക്കൊപ്പം ബങ്ക് ബെഡ് തന്നെയാണ് ജാനിനും ഉപയോഗിക്കുന്നത്. സ്വകാര്യത ഉറപ്പാക്കാന്‍ ഒരു കര്‍ട്ടന്‍ മാത്രം. സ്ളീപ്പിംഗ് ബാഗില്‍ താന്‍ സുരക്ഷിതയാണെന്നും അവര്‍ പറയുന്നു.

2001 മുതലാണ് സൈന്യത്തിലെ എല്ലാ ജോലികള്‍ക്കും സ്ത്രീകള്‍ക്ക് യോഗ്യത നല്‍കിക്കൊണ്ടുള്ള തീരുമാനം ജര്‍മനിയില്‍ പ്രാബല്യത്തില്‍ വരുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍