കബറടക്ക ശുശ്രൂഷയില്‍ അമേരിക്കന്‍ അതി ഭദ്രാസന പ്രതിനിധി സംഘം
Saturday, April 5, 2014 8:21 AM IST
ന്യൂയോര്‍ക്ക്: ആകമാന സുറിയാനി സഭയുടെ അമേരിക്കന്‍ മലങ്കര അതിഭദ്രാസന മെത്രാപോലീത്താ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ നേതൃത്വത്തില്‍ ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളോടൊപ്പം അമേരിക്കയിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുമായി 25 ഓളം വരുന്ന പ്രതിനിധി സംഘം പാത്രിയാര്‍ക്കീസ് ബാവായുടെ കബറടക്ക ശുശ്രൂഷയില്‍ പങ്കെടുത്തു.

അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നു ലെബനോനില്‍ എത്തിയ സംഘങ്ങള്‍, മാര്‍ച്ച് 26, 27 ദിവസങ്ങളിലായി നടന്ന കബറടക്ക ശുശ്രൂഷയില്‍ ആദ്യാവസാനം പങ്കെടുക്കുകയും പിതാവിന് ആദരാജ്ലികള്‍ അര്‍പ്പിക്കുകയും ചെയ്തു.

ശ്രേഷ്ഠ കാതോലിക്കാ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന കബറടക്ക ശുശ്രൂഷക്ക് മലങ്കരയിലെ വിവിധ മെത്രാപോലീത്താമാരോടൊപ്പം യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയും സഹകാര്‍മികത്വം വഹിച്ചു.

അമേരിക്കന്‍ അതിഭദ്രാസനത്തെ പ്രതിനിധീകരിച്ച് തിരുമേനിയോടൊപ്പം റവ. മാത്യൂസ് ഇടത്തറ കോര്‍ എപ്പിസ്കോപ്പ (ഭദ്രാസന സെക്രട്ടറി), സാജു. കെ. പൌലോസ് (ഭദ്രാസന ട്രഷറര്‍), കൌണ്‍സില്‍ അംഗങ്ങളായ റവ. സാബു തോമസ് കോര്‍എപ്പിസ്കോപ്പ, ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരി, ഷെവലിയര്‍ ചെറിയാന്‍ വെങ്കിടത്ത്, ജോര്‍ജ് പൈലി എന്നിവരും ഫാ. ജോസഫ് വര്‍ഗീസ്, റവ. ഫാ. ജെറി ജേക്കബ്, ഫാ. ഡോ. സാക്ക് വര്‍ഗീസ്, റവ. ഡീക്കന്‍ ജോയല്‍ ജേക്കബ്, കമാന്‍ഡര്‍ ബാബു വടക്കേടത്ത്, കമാന്‍ഡര്‍ ജോണ്‍സണ്‍, ഷെവലിയാര്‍ ഏബ്രഹാം മാത്യു, ജേക്കബ് പാലമറ്റം, റെജിമാന്‍ പി. ജേക്കബ്, ബാബു ചെറിയാന്‍, വര്‍ഗീസ് പുതുവാന്‍ കുന്നത്ത്, മത്തായി സൂസന്‍ കീനേലില്‍ തുടങ്ങിയവരും സംബന്ധിച്ചിരുന്നതായി ഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചു.

ആകമാന സുറിയാനി സഭക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹത്തിനുതന്നെ തീരാനഷ്ടമായ പിതാവിന്റെ വേര്‍പാടില്‍ ദുഃഖിക്കുന്ന നൂറുകണക്കിനാളുകള്‍ ലോകത്തിന്റെ നാനാഭാഗത്തു നിന്നായി പരിശുദ്ധ പിതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

നല്ലപോര്‍ പൊരുതു, ഓട്ടം തികച്ചു, വിശ്വാസം കാത്തു, നീതിയുടെ കീരിടം നിനക്കായി വച്ചിരിക്കുന്നു. അത് നീതിയുള്ള ന്യായാധിപതിയായ കര്‍ത്താവ് അന്നാളില്‍ നിനക്ക് ഒരുക്കിയിരിക്കുന്നു എന്ന മഹത്വമേറിയ വചനം കേള്‍ക്കുവാന്‍, ആത്മീയ പിതാവേ സമാധാനത്തോടെ പോക എന്ന പ്രാര്‍ഥനയോടെ സഭാമക്കള്‍ ഇടയ ശ്രേഷ്ഠന് കണ്ണീരോടെ വിട ചൊല്ലി.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍