തെരഞ്ഞെടുപ്പടുക്കുന്തോറും വോട്ടില്ലാത്ത പ്രവാസിക്ക് നിരാശ
Saturday, April 5, 2014 8:16 AM IST
റിയാദ്: വോട്ടെടുപ്പ് ദിവസം നാട്ടിലുണ്െടങ്കില്‍ പോലും പ്രവാസി ആയ കാരണം വോട്ട് ചെയ്യാന്‍ പറ്റാതിരുന്ന കാലഘട്ടത്തില്‍ നിന്നും വിഭിന്നമായി വോട്ടര്‍ പട്ടികയില്‍ ഗള്‍ഫിലിരുന്നുകൊണ്ട് തന്നെ പേര് ചേര്‍ക്കാനും നാട്ടില്‍ പോയി തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാര്‍ഥിക്കുവേണ്ടി സമ്മതിദാനാവകാശം വിനിയോഗിക്കാനുമുള്ള അവകാശം സ്ഥാപിച്ച് കിട്ടിയിട്ടും ഭൂരിഭാഗം പ്രവാസിയും തൃപ്തരല്ല.

രാജ്യത്തിന്റെ അതിരുകള്‍ കാക്കുന്ന പട്ടാളക്കാരനും ലോകത്തെമ്പാടുമുള്ള ഇന്ത്യന്‍ മിഷനുകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും പോസ്റല്‍ വോട്ടു വഴി തങ്ങള്‍ ജോലി ചെയ്യുന്ന സ്ഥലത്തു തന്നെ വോട്ടവകാശം വിനിയോഗിക്കാനുള്ള സാധ്യത അനുവദിച്ചു കൊടുത്തപ്പോള്‍ രാജ്യത്തിന് വിദേശനാണയം നേടിത്തന്ന് സാമ്പിത്തക ഭദ്രത ഉറപ്പ് വരുത്തുന്ന പ്രവാസി ഇന്ത്യക്കാരന് തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കണമെങ്കില്‍ കടലേഴും താണ്ടി തന്റെ വീടിനടുത്തുള്ള പോളിംഗ് ബൂത്തിലെത്തണമെന്നത് ഉള്‍ക്കൊള്ളാന്‍ പ്രവാസികള്‍ക്ക് ഇനിയും കഴിയുന്നില്ല. വിവരസാങ്കേതിക വിദ്യയും വാര്‍ത്താവിനിമയ സൌകര്യങ്ങളും ഇത്രമേല്‍ പുരോഗമിച്ച ഇന്ത്യാ രാജ്യത്ത് പ്രവാസി സമൂഹത്തിന് ജനാധിപത്യ ഭരണവ്യവസ്ഥയിലെ അടിസ്ഥാന പൌരാവകാശമായ സമ്മതിദാനം നിഷേധിക്കുന്നത് ഇനിയും പൊറുക്കാന്‍ തങ്ങളൊരുക്കമല്ലെന്ന് ഒന്നടങ്കം അഭിപ്രായപ്പെടുന്നു.

ഏപ്രില്‍ 10 ന് കേരളത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് തങ്ങളുടെ വോട്ട് രേഖപ്പെടുത്താന്‍ ആഗ്രഹിച്ച് കാത്തിരുന്നവര്‍ക്കുപോലും എത്തിപ്പെടാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇന്നുള്ളത്. വിമാന ചാര്‍ജ് മൂന്നിരട്ടിയിലധികമായാണ് ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ അടക്കം വര്‍ധിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ പ്രവര്‍ത്തകരില്‍ നിന്നുതന്നെ പണം പിരിച്ചെടുത്ത് സ്വകാര്യ വിമാനം ചാര്‍ട്ടര്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ ചില സംഘടനകള്‍ നടത്തിയെങ്കിലും തങ്ങാനാവാത്ത നിരക്ക് കാരണം പിന്‍മാറുകയായിരുന്നു. തങ്ങളുടെ പോക്കറ്റില്‍ ഒതുങ്ങാത്ത വിമാനടിക്കറ്റ് നല്‍കി നാട്ടിലേക്ക് പോകുന്നില്ലെന്ന തീരുമാനമാണ് സംഘടനാ നേതാക്കള്‍ പോലും ഇപ്പോള്‍ എടുത്തിരിക്കുന്നത്. സാധാരണക്കാര്‍ക്കാണെങ്കില്‍ തങ്ങളുടെ പേര് പുതുക്കിയ വോട്ടര്‍ ലിസ്റില്‍ ഉണ്േടാ എന്നു പോലും അറിയില്ല.

വയനാട് നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എടക്കര മളിമൂളി സ്വദേശിയായ നാസര്‍ മൂച്ചിക്കാടന് നാട്ടിലെത്തി വോട്ട് രേഖപ്പെടുത്തണമെന്ന് ആഗ്രഹമുണ്െടങ്കിലും കുടുംബസമേതം പോകാനുള്ള ഭാരിച്ച ചെലവ് താങ്ങാവുന്നതല്ലെന്ന അഭിപ്രായക്കാരനാണ്. ഉറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നാസര്‍ റിയാദില്‍ സ്വന്തമായി ബിസിനസ് നടത്തുകയാണ്. 16 വര്‍ഷമായി സൌദി അറേബ്യയിലുള്ള നാസര്‍ പ്രവാസി വോട്ടവകാശം ജോലി ചെയ്യുന്ന നാട്ടില്‍ വിനിയോഗിക്കാന്‍ അവസരം നല്‍കണമെന്ന അഭിപ്രായക്കാരനാണ്. ഇതേ അഭിപ്രായമാണ് സിപിഎം പ്രവര്‍ത്തകനായ സി.ടി ഗഫൂര്‍ ചെറുവാടിക്കുമുള്ളത്. 30 വര്‍ഷമായി അല്‍ ബാബ്തയില്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ഗഫൂര്‍ പക്ഷേ വോട്ട് ചെയ്യാന്‍ വേണ്ടി മാത്രം നാട്ടില്‍ പോകാന്‍ തയാറല്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രവാസം നിര്‍ത്താന്‍ ആഗ്രഹിക്കുന്ന ഗഫൂര്‍ അപ്പോഴെങ്കിലും വോട്ട് ചെയ്യാലോ എന്ന് സമാധാനിക്കുകയാണ്.

1981 മുതല്‍ പ്രവാസ ജീവിതം നയിക്കുന്ന മൂലന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ വര്‍ഗീസ് മൂലന്‍ എല്ലാ തവണയും നാട്ടിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കാറുണ്െടന്ന് പറഞ്ഞു. എന്നാല്‍ സാധാരണക്കാരായ പ്രവാസിക്ക് ഇത് സാധ്യമല്ല. നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയിലെ ഏറ്റവും വലിയ അവകാശ നിഷേധമാണ് പ്രവാസി വോട്ടവകാശം അനുവദിക്കാതിരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസിയിലും കോണ്‍സുലേറ്റുകളിലും വോട്ടിംഗ് കേന്ദ്രങ്ങളും പോളിംഗ് ബൂത്തുകളും സജജീകരിക്കാവുന്നതാണ്. വികസനകാര്യങ്ങളിലും ടെക്നോളജിയിലും ഇന്ത്യയേക്കാള്‍ പുറകില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നും വിദേശത്ത് തൊഴിലെടുക്കുന്നവര്‍ക്ക് അതത് രാജ്യങ്ങളില്‍ വോട്ടവകാശം രേഖപ്പെടുത്താനുള്ള സംവിധാനമുണ്െടന്നത് നമുക്ക് നാണക്കേടാണെന്ന് വര്‍ഗീസ് മൂലന്‍ അഭിപ്രായപ്പെട്ടു.

ജനിച്ച് ഒരു വര്‍ഷത്തിനകം മാതാപിതാക്കളോടൊപ്പം റിയാദിലെത്തിയ തിരുവനന്തപുരം ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നുള്ള ഷാജിമോന്‍ കുഞ്ഞിമോന്‍ പ്രവാസി വോട്ടവകാശത്തിനായി ശക്തമായി ശബ്ദമുയര്‍ത്തുന്നു. ഏറെ ആഗ്രഹമുണ്െടങ്കിലും നാട്ടിലെത്തി വോട്ട് രേഖപ്പെടുത്താന്‍ സാധിക്കാത്തതില്‍ വിഷമമുണ്െടന്ന് അദ്ദേഹം പറഞ്ഞു. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയുടെ പ്രവാസി പതിപ്പായ ആവാസ് എന്ന സംഘടനയുടെ നിര്‍വാഹക സമിതിയംഗമായ ഷാജിമോന്‍ നാട്ടിലുണ്ടായിരുന്നെങ്കില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഇല്ലാത്തതിനാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ. സമ്പത്തിനായിരിക്കും വോട്ട് രേഖപ്പെടുത്തുക എന്ന് പറഞ്ഞു.

ഇ. അഹമ്മദിന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതിനായി നാട്ടില്‍ പോയി വോട്ട് രേഖപ്പെടുത്താന്‍ ആഗ്രഹമുണ്െടങ്കിലും ഉടനെ ഒരു അവധി സാധ്യമല്ലെന്ന് തിരൂര്‍ക്കാട് സ്വദേശി ഷക്കീല്‍ പറയുന്നു. മികച്ച ഫുട്ബോളറും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ ഷക്കീല്‍ പ്രവാസി വോട്ടവകാശമുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോവുകയാണ്. പ്രത്യേക പാസ്വേര്‍ഡും മറ്റുമുപയോഗിച്ച് താന്‍ യാത്ര ചെയ്യുന്ന ഏത് സ്ഥലത്തു നിന്നും തന്റെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് ബാങ്ക് എക്കൌണ്ട് അടക്കമുള്ളവ സുരക്ഷിതമായി കൈകാര്യം ചെയ്യാമെന്നിരിക്കെ വോട്ടവകാശം ലോകത്തെവിടെ നിന്നും സുരക്ഷിതമായും സ്വകാര്യമായും വിനിയോഗിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താവുന്നതേയുള്ളു. തീര്‍ത്തും ചെലവ് കുറഞ്ഞ രീതിയില്‍ ഇതിനായുള്ള സോഫ്റ്റ്വെയറുകള്‍ വികസിപ്പിച്ചെടുക്കാവുന്നതാണെന്ന് മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്‍ കൂടിയായ ഷക്കീല്‍ അഭിപ്രായപ്പെട്ടു.

പ്രവാസി ഇന്ത്യക്കാര്‍ക്ക് ലോകത്ത് എവിടെ നിന്നും വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം ദീര്‍ഘകാലമായ ഒരു ആവശ്യമാണ്. ഇനിയെങ്കിലും അത് യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കണം. പ്രവാസി സമൂഹത്തോടുള്ള നീതി നിഷേധമാണ് ഇത് എന്ന് പ്രവാസി സമൂഹം ഒറ്റക്കെട്ടായി അഭിപ്രായപ്പെടുന്നു. കോടിക്കണക്കിന് രൂപ അവരില്‍ നിന്നും പല മാര്‍ഗങ്ങളില്‍ ഖജനാവിലേക്ക് വസൂലാക്കുന്ന സര്‍ക്കാര്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് നടത്തുന്ന അവകാശ നിഷേധമാണിതെന്ന് പറയുന്നതോടൊപ്പം അത് നടപ്പിലാക്കാനുള്ള എല്ലാവിധ സഹകരണവും പ്രവാസി സമൂഹം വാഗ്ദാനം ചെയ്യുകയുമാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍