ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ നിര്യാണത്തില്‍ യുക്മ അനുശോചിച്ചു
Saturday, April 5, 2014 8:14 AM IST
ലണ്ടന്‍: പ്രമുഖ മലയാള സാഹിത്യകാരന്‍ ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ നിര്യാണത്തില്‍ യുക്മ നാഷണല്‍ കമ്മിറ്റിയും സാംസ്കാരിക വേദിയും അനുശോചനം രേഖപ്പെടുത്തി.

1950 മുതല്‍ മലയാളത്തിലെ സാഹിത്യ സാമൂഹിക സാംസ്കാരിക രംഗത്ത് ശക്തമായി നിലകൊള്ളുകയും തനതായ വ്യക്തിത്വം നിഴലിക്കുന്ന സാഹിത്യ സൃഷ്ടികള്‍ മുഖേന സാഹിത്യ സൌന്ദര്യത്തിന്റെ ആഴങ്ങളിലേക്ക് മലയാളിയെ നയിക്കുകയും സാഹിത്യ അക്കാഡമി അവാര്‍ഡുകല്‍ അടക്കം നിരവധി പുരസ്കാരങ്ങള്‍ക്ക് പാത്രമാകുകയും ചെയ്ത അദ്ദേഹത്തിന്റെ നിര്യാണം മലയാള സാഹിത്യവേദിക്ക് കനത്ത നഷ്ടമാണ് വരുത്തിയിരിക്കുന്നത്.

29 വാല്യങ്ങളായി പ്രസിദ്ധീകരിച്ച 700ല്‍ പരം ചെറുകഥകളും 15 നോവലുകളും കവിതാസമാഹാരവും സ്വയംകൃത ജീവചരിത്രവും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികള്‍. ആദ്യ കഥാസമാഹാരമായ കരയുന്ന കാല്‍പ്പാടുകളില്‍ ആരംഭിച്ച സാഹിത്യ സപര്യയിലുടനീളം സാധാരണ മനുഷ്യന്റെ പച്ചയായ ജീവിതങ്ങളെ വികാരസാന്ദ്രമായ ഒരു കവിത പോലെ ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുന്ന നിരവധി കഥാസന്ദര്‍ഭങ്ങള്‍ മലയാളിക്ക് സമ്മാനിച്ച ആ മഹാനുഭാവനെ ഓര്‍ത്ത് സാഹിത്യകുതുകികള്‍ക്ക് അഭിമാനിക്കാം.

നീണ്ട 32 വര്‍ഷം അദ്ദേഹം ജോലി ചെയ്ത ഗുരുവായൂരമ്പലവും അമ്പലവാസികളെയും പരിസരങ്ങളെയും തന്റെ കൃതികളിലൂടെ വായനക്കാരിലേക്ക് എത്തിച്ച അദ്ദേഹത്തിന്റെ വിയോഗം കലാകേരളത്തിന്റെ തീരാനഷ്ടമാണെന്ന് യുക്മ സാംസ്കാരിക വേദി അഭിപ്രായപ്പെട്ടു. യുക്മ സാഹിത്യ വേദിക്കുവേണ്ടി കാരൂര്‍ സോമന്‍, ജോയി ആഗസ്തി, റെജി നന്തികാട്ട്, സി.എ ജോസഫ്, ജോഷി പുലികൂട്ടില്‍, തുടങ്ങിയവരും യുക്മ നാഷണല്‍ കമ്മിറ്റിക്കുവേണ്ടി നാഷണല്‍ പ്രസിഡന്റ് കെ.പി വിജി, സെക്രട്ടറി ബിന്‍സു ജോണ്‍, ട്രഷറര്‍ അഡ്വ. ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍ എന്നിവരും ഉണ്ണികൃഷ്ണന്‍ പുത്തൂരിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ചു.

റിപ്പോര്‍ട്ട്: ബാല സജീവ്കുമാര്‍