അറ്റ്ലാന്റയില്‍ സംഗീത സായാഹ്നവും തത്ത പ്രദര്‍ശനവും
Saturday, April 5, 2014 8:11 AM IST
അറ്റ്ലാന്റാ: അറ്റ്ലാന്റയിലെ ക്നാനായ കത്തോലിക്കാ സംഘനടയുടെ (കെസിഎജി) ആഭിമുഖ്യത്തില്‍ മാര്‍ച്ച് 15-ന് തിരുകുടുംബ ദേവാലയ ഹാളില്‍ വെച്ച് സംഗീത സായാഹ്നവും തത്ത പ്രദര്‍ശനവും നടത്തി. പാചകശില്‍പി ബെന്നി പടവിലിന്റെ മേല്‍നോട്ടത്തില്‍ സമൂഹാംഗങ്ങള്‍ ഒന്നുചേര്‍ന്ന് പാകപ്പെടുത്തിയ നാടന്‍ തട്ടുകട ഡിന്നറോടെ സായാഹ്നത്തിനു തുടക്കമായി.

മഠത്തില്‍കത്തില്‍ ഡൊമിനിക്ക് അച്ചന്റെ പ്രാര്‍ഥനയോടെ തുടങ്ങിയ യോഗത്തില്‍ പ്രസിഡന്റ് സന്തോഷ് ഉപ്പൂട്ടില്‍ സ്വാഗതം ആശംസിച്ചു. ലെയ്സണ്‍ ബോര്‍ഡ് അംഗങ്ങളായ ബെന്നി അത്തിമറ്റത്തില്‍, റോയി പാട്ടക്കണ്ടത്തില്‍ എന്നിവര്‍ മുന്‍ ലെയ്സണ്‍ ബോര്‍ഡ് ചെയര്‍മാന്‍ മാത്യു സൈമണ്‍ വാഴക്കാലായില്‍ ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുചൊല്ലി സത്യപ്രതിജ്ഞ ചെയ്തു. ഈ സമൂഹാംഗങ്ങളായ ജൂലിയ വാഴക്കാലായില്‍ (മിസ് - ഗ്രെയ്സണ്‍ 2014), സാബു ചെമ്മലക്കുഴി എന്നിവരുടെ ശ്ശാഘനീയ നേട്ടങ്ങള്‍ക്കും ആത്മാര്‍ഥ പ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരമായ ഫലകങ്ങള്‍ നല്‍കി ആദരിച്ചു.

ബ്രെന്‍ഡ ബീന്‍ അവതരിപ്പിച്ച തത്ത പ്രദര്‍ശനം കുട്ടികളേയും യുവതീ യുവാക്കളേയും മുതിര്‍ന്നവരേയും ഒരുപോലെ ആകര്‍ഷിച്ചു. തുടര്‍ന്ന് നടന്ന സംഗീത സായാഹ്നം ചാള്‍സ് ഉപ്പൂട്ടിലിന്റെ പ്രാര്‍ഥനയോടെ ആരംഭിച്ചു. അറ്റ്ലാന്റാ ക്നാനായ സമൂഹത്തിലെ ഗായകര്‍ അണിനിരന്ന സംഗീത സദസ് തികച്ചും ആസ്വാദ്യകരമായി. നോയല്‍ അത്തിമറ്റത്തില്‍, ചിപ്പി ഉപ്പൂട്ടില്‍ എന്നിവരായിരുന്നു മാസ്റര്‍ ഓഫ് സെറിമണീസ്. ദേശീയ ഗാനാലാപനത്തോടെ പരിപാടികള്‍ സമാപിച്ചു.

തമ്പലക്കാട്ട് ചാക്കോച്ചന്‍- സോഫി കുടുംബം സ്പോണ്‍സര്‍ ചെയ്ത പരിപാടിയില്‍ ജേക്കബ് അത്തിമറ്റത്തില്‍, ജോണി അമ്പലത്തിങ്കല്‍ എന്നിവര്‍ ശബ്ദം നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം