കല കുവൈറ്റ് പരാതി നല്‍കി
Saturday, April 5, 2014 8:10 AM IST
കുവൈറ്റ്സിറ്റി: പ്രവാസി നാടക മല്‍സര ഫലപ്രഖ്യാപനത്തിലെ അപാകതകളുടെ പേരില്‍ മന്ത്രിയടക്കമുള്ളവര്‍ക്കു പരാതി നല്‍കി. കേരള സംഗീത നാടക അക്കാദമിയുടെ (കെഎസ്എന്‍എ) ആഭിമുഖ്യത്തില്‍ ഗള്‍ഫ് നാടുകളില്‍ സംഘടിപ്പിച്ച നാടക മല്‍സരത്തിന്റെ ഫലം പ്രഖ്യാപനത്തിലെ അപാകത ചൂണ്ടിക്കാട്ടിയാണു കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് പരാതി നല്‍കിയത്.

ഫെബ്രുവരിയില്‍ കുവൈറ്റ് ഉള്‍പ്പെടെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി കെഎസ്എന്‍എ നാടകമല്‍സരങ്ങള്‍ സംഘടിപ്പിച്ചത്. സാംസ്കാരിക മന്ത്രി കെ.സി. ജോസഫ്, വകുപ്പ് സെക്രട്ടറി, തൃശൂരിലുള്ള കേരള സംഗീത നാടക അക്കാഡമി, കെഎസ്എന്‍എ കുവൈറ്റ് ചാപ്റ്റര്‍ എന്നിവര്‍ക്കാണു പരാതി നല്‍കിയത്.

നാടക മല്‍സര ഫലനിര്‍ണയത്തില്‍ നിബന്ധനകള്‍ പാലിക്കാതെയും പക്ഷപാതപരമായുമാണ് വിധി നിര്‍ണയം നടത്തിയത് എന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.

പ്രഥമ ഗള്‍ഫ് പ്രവാസി അമച്വര്‍ നാടകമല്‍സരെമന്ന പേരില്‍ കെഎസ്എന്‍എ നാട്ടില്‍നിന്നു പ്രഖ്യാപിച്ച മല്‍സരഫലത്തില്‍ കുവൈറ്റില്‍നിന്നു അവതരിപ്പിച്ച നാടകത്തിന് രണ്ട് പുരസ്കാരമാണ് ലഭിച്ചത് മികച്ച സംവിധാനം, രചന എന്നിവയ്ക്കാണു പുരസ്കാരം. വിധികര്‍ത്താക്കള്‍ ഒരോ മല്‍സരത്തിനും നല്‍കിയ മാര്‍ക്കുകള്‍ വെളിപ്പെടുത്താന്‍ കലാ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിട്ടുണ്ട് ഇതിനുശേഷം മറ്റു കാര്യങ്ങളെക്കുറിച്ച് ആലോചിക്കുമെന്നു കല കുവൈറ്റ് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍