അരിസോണയില്‍ 'വിഷുക്കണി' ഏപ്രില്‍ 12 ന്
Saturday, April 5, 2014 5:06 AM IST
ഫീനിക്സ്: മേടമാസപുലരിയുടെ വര്‍ണ്ണപ്രഭയില്‍ കണിയും, നിലവിളക്കും, കണ്ണനും, ഒരു പിടി കണികൊന്നയും പിന്നെ കൈനിറയെ കൈനീട്ടവുമായി വിഷുവിനെ വരവേല്ക്കുവാന്‍ അരിസോണയിലെ മലയാളി സമൂഹം ഒരുങ്ങുന്നു. ഏപ്രില്‍ 12ന് ശനിയാഴ്ച എഎസ്യു പ്രിപ്പെറ്ററി അക്കാഡമി ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്ന വിഷു ആഘോഷങ്ങള്‍ക്ക് കേരളാ ഹിന്ദൂസ് ഓഫ് അരിസോണ നേതൃത്വം നല്കും. ഒരു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികള്‍ രാവിലെ 10.30 ന് ഭദ്രദീപം കൊളുത്തി പ്രത്യേക പ്രാര്ത്ഥനയോടെ ആരംഭമാകും. പരമ്പരാഗതരീതിയില്‍ കണിയൊരുക്കി വിഷുക്കണി ദര്‍ശനവും തുടര്‍ന്ന് വിഷുക്കൈനീട്ടവും നല്കും. അരിസോണയിലെ പ്രസിദ്ധമായ വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രത്യേകം പൂജിച്ച നാണയങ്ങളാണ് വിഷുകൈനീട്ടമായി നല്കുന്നതെന്ന് സുരേഷ് നായര്‍ അറിയിച്ചു. വിഷു സന്ദേശം, ഗാനമേള, വിവിധ നൃത്തൃനൃത്തങ്ങള്‍, തിരുവാതിര തുടങ്ങി അരിസോണയിലെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന വിവിധ കലാസാംസ്കാരിക പരിപാടികളാല്‍ സമ്പന്നമയിരിക്കും ആഘോഷം.

കേരളത്തിന്റെ തനതായ രുചികൂട്ടുകളാല്‍ ഇരുപതിലധികം വിഭവങ്ങോളോടുകൂടിയ സമൃദ്ധമായ വിഷു സദ്യക്ക് ഗിരിഷ് ചന്ദ്രന്‍, സുരേഷ് കുമാര്‍, ശ്രീകുമാര്‍ ആറന്മുള, വേണുഗോപാല്‍ നായര്‍, സുധീര്‍ ആറന്മുള, എന്നിവര്‍ നേതൃത്വം നല്കും. നന്മയുടെ ഉത്സവമായ വിഷുവിന്റെ ചാരുത ഒട്ടും ചോര്‍ന്നുപോകാതെ വളരെ മനോഹരവും കമനീയവുമായ രീതിയിലാണ് വിഷു ആഘോഷങ്ങള്‍ അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് കേരളാ ഹിന്ദൂസ് ഓഫ് അരിസോണയുടെ ഭാരവാഹികള്‍ അവകാശപ്പെട്ടു.

വിഷു ആഘോഷപരിപാടികള്‍ ഒരു വന്‍വിജയമാക്കി മാറ്റുവാന്‍ അരിസോണയിലെ എല്ലാ മലയാളി സുഹൃത്തുക്കളേയും സാദരം ക്ഷണിച്ചുകൊള്ളുന്നതായി വിഷുആഘോഷ കമ്മറ്റിക്കുവേണ്ടി ശ്യംരാജും, സുരേഷ് നായരും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 480 300 9189 (മനു നായര്‍), 480 620 9334 (ശ്രീപ്രസാദ്) എന്നീ നമ്പരുകളിലോ മ്വവശിറൌ@ഴാമശഹ.രീാ എന്ന ഇമെയിലിലോ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: മനു നായര്‍