യൂറോപ്യന്‍ യൂണിയന്റെ ആദ്യ ഭൌമ നിരീക്ഷണ ഉപഗ്രഹം ബഹിരാകാശത്ത്
Friday, April 4, 2014 8:14 AM IST
പാരീസ്: യൂറോപ്യന്‍ യൂണിയന്റെ ഭൌമ നിരീക്ഷണ പദ്ധതിയിലെ ആദ്യ ഉപഗ്രഹത്തെ സോയുസ് റോക്കറ്റ് വിജയകരമായി ബഹിരാകാശത്തെത്തിച്ചു. സെന്റിനല്‍-1 എ എന്നു പേരിട്ടിരിക്കുന്ന ഉപഗ്രഹം ഭ്രമണ പഥത്തിലെത്തിക്കഴിഞ്ഞു.

അത്യാധുനിക റഡാര്‍ സംവിധാനമാണ് ഭൌമ നിരീക്ഷണത്തിനായി സെന്റിനല്‍ ഉപയോഗപ്പെടുത്തുന്നത്. സെന്റിനല്‍ പരമ്പരയിലെ ശേഷിക്കുന്ന ഉപഗ്രഹങ്ങള്‍ വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭ്രമണപഥത്തിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇവ മുഴുവന്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ദിവസേന എട്ട് ടെറാബൈറ്റ് ഡേറ്റ ആയിരിക്കും അയയ്ക്കുക. ഭൂമിയുടെ ഉപരിതലം, സമുദ്രങ്ങള്‍, അന്തരീക്ഷം തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങള്‍ ഇതില്‍നിന്നു ലഭിക്കും.

ഇതുവരെ ഏഴര ബില്യന്‍ യൂറോ പദ്ധതിക്കായി ചെലവാക്കിക്കഴിഞ്ഞു. പദ്ധതിക്ക് മൊത്തത്തില്‍ കോപ്പര്‍നിക്കസ് പ്രോഗ്രാം എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍