ജര്‍മനിയില്‍ തൊഴിലില്ലാത്ത വിദേശികളുടെ എണ്ണം പെരുകുന്നു
Friday, April 4, 2014 8:14 AM IST
ബര്‍ലിന്‍: ജോലിയില്ലാതെ ജര്‍മനിയില്‍ കഴിയുന്ന വിദേശികളുടെ എണ്ണം 541,000ലെത്തി. ഇതില്‍ നാലു ലക്ഷം പേരും യൂറോപ്പിനുള്ളില്‍നിന്നുള്ളവര്‍. തൊഴില്‍രഹിത കുടിയേറ്റക്കാരുടെ എണ്ണം ഇത്രയേറെയായി വര്‍ധിച്ചതോടെ, മൂന്നു മാസത്തിലേറെ തൊഴിലില്ലാതെ രാജ്യത്ത് തുടരുന്ന യൂറോപ്യന്‍ കുടിയേറ്റക്കാരെ പുറത്താക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയും പരാജയ ഭീഷണിയിലായി.

തൊഴില്‍ കിട്ടാന്‍ സാധ്യതയില്ലാത്ത യൂറോപ്യന്‍ പൌരന്മാരെ രാജ്യത്തുനിന്നു പുറത്താക്കുന്നത് യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടിക്കോ നിയമങ്ങള്‍ക്കോ വിരുദ്ധമല്ലെന്നാണ് ജര്‍മന്‍ സര്‍ക്കാര്‍ വ്യാഖ്യാനിക്കുന്നത്. എന്നാല്‍, ലക്ഷക്കണക്കിനാളുകളെ ഒറ്റയടിക്ക് പുറത്താക്കാന്‍ ശ്രമിച്ചാല്‍ യൂറോപ്പിനുള്ളില്‍നിന്ന് ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഉറപ്പാണ്.

കഴിഞ്ഞ ദിവസം ലേബര്‍ ഓഫീസ് പുറത്തിറക്കിയ കണക്കനുസരിച്ച്, ജോലിയില്ലാതെ ജര്‍മനിയില്‍ കഴിയുന്ന വിദേശികള്‍ ഏറ്റവും കൂടുതല്‍ പോളിഷ് പൌരന്മാരാണ്, മുപ്പത്താറായിരം പേര്‍. ഇങ്ങനെയുള്ള ഇറ്റലിക്കാര്‍ മുപ്പത്തയ്യായിരവും ഗ്രീക്കുകാര്‍ ഇരുപതിനായിരവും. ബള്‍ഗേറിയയില്‍നിന്നും റൊമാനിയയില്‍നിന്നുമുള്ള പതിനായിരം പേര്‍ വീതമാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍