ഫീനിക്സില്‍ ക്വയര്‍ റിട്രീറ്റ് സമാപിച്ചു
Friday, April 4, 2014 6:08 AM IST
ഫീനിക്സ് : മാര്‍ത്തോമ ഇടവക ഗായകസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രഥമ ക്വയര്‍ റിട്രീറ്റ് സമാപിച്ചു. മാര്‍ച്ച് 29, 30 തീയതികളില്‍ ഫീനിക്സ് അരിസോണയിലെ ടെമ്പെയിലുള്ള സണ്‍വാലി കമ്യൂണിറ്റി ദേവാലയത്തില്‍ നടന്ന ഗാനപരിശീലന ക്യാമ്പിന് റവ.ജേക്കബ് ഡേവിഡ് നേതൃത്വം നല്‍കി.

സിഎസ്ഐ ഇടവക വികാരി റവ. ജോര്‍ജ് ഉമ്മന്‍ ഉദ്ഘാടനം ചെയ്ത റിട്രീറ്റിന് ഫീനിക്സ് മാര്‍ത്തോമ ഗായകസംഘം ലീഡര്‍ കിരണ്‍ കോശി സ്വാഗതം ആശംസിച്ചു.

അമേരിക്കയിലെ നിരവധി ഗായകസംഘങ്ങള്‍ രൂപീകരിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചിട്ടുള്ള റവ. ജേക്കബ് ഡേവിഡ് ക്രിസ്തീയ ഗാനരംഗത്ത് പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ളതും നിരവധി ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിന് തന്റേതായ സംഭാവനകള്‍ നല്‍കിയിട്ടുള്ളതുമായ ഒരു സിഎസ്ഐ വൈദീകനാണ്. ഇപ്പോള്‍ ന്യൂജേഴ്സി എക്യൂമെനിക്കല്‍ ക്വയറിന് പരിശീലകനായി നേതൃത്വം നല്‍കി വരുന്നത്.

രണ്ടു ദിവസങ്ങള്‍ നീണ്ടുനിന്ന പ്രത്യേക പരിശീലന പരിപാടിയില്‍ ക്രിസ്തീയ ഗീതങ്ങളുടെ വിവിധ തലങ്ങള്‍ പരിശീലിച്ചതോടൊപ്പം പ്രത്യേക ശബ്ദപരിശീലനവും ബ്രീത്തിംഗ് എക്സര്‍സൈസും പങ്കെടുത്ത 30 ഗായകസംഘാംഗങ്ങള്‍ക്കും നവ്യാനുഭവമായി മാറി.

പ്രശസ്ത സംഗീതജ്ഞര്‍ എ.ആര്‍ റഹ്മാന്റെ ഓര്‍ക്കസ്ട്രാ ടീമില്‍ വയലിനിസ്റായി സേവനമനുഷ്ഠിച്ചിട്ടുള്ള ജോര്‍ജ് ഫിലിപ്പിന്റെ സാന്നിധ്യം റിട്രീറ്റിന് മാറ്റുകൂട്ടി.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി