ഒഐസിസി യുകെ ടെലഫോണ്‍ കാമ്പയിന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്തു
Friday, April 4, 2014 6:07 AM IST
ലണ്ടന്‍: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒഐസിസി യുകെ നടത്തുന്ന വിവിധ പ്രചാരണ പരിപാടികളില്‍ ഏറ്റവും പ്രാധാന്യമേറിയ ടെലഫോണ്‍ കോളിംഗ് കാമ്പയിന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്തു.

ഒഐസിസി യുകെ ദേശീയ ആക്ടിംഗ് പ്രസിഡന്റ് ജെയ്സണ്‍ ജോര്‍ജ്, വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് എന്നിവരില്‍ നിന്നും ആദ്യ കോള്‍ സ്വീകരിച്ചാണ് ടെലഫോണ്‍ കോളിംഗ് കാമ്പയിന്റെ ഔപചാരികമായ ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് നിര്‍വഹിച്ചത്.

യുകെയിലെ എല്ലാ മലയാളികളുടേയും പിന്തുണ നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ഉണ്ടാവണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

നിരവധിയായ പ്രവാസി ക്ഷേമപദ്ധതികള്‍ നടപ്പിലാക്കിയ യുപിഎ, യുഡിഎഫ് സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്‍കിയ കോണ്‍ഗ്രസിനു തെരഞ്ഞെടുപ്പിനോട് അടുക്കുമ്പോള്‍ ജനപിന്തുണ വര്‍ധിച്ചു വരുന്നതായിട്ടാണ് രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്നും ബോധ്യപ്പെടുന്നത്. പ്രവാസിസമൂഹത്തില്‍ നിന്നുമുള്ള പിന്തുണ വോട്ടെടുപ്പില്‍ പ്രതിഫലിക്കണമെങ്കില്‍ നാട്ടിലുള്ള കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയുമെല്ലാം വോട്ട് യുഡിഎഫ് മത്സരിക്കുന്ന 20 മണ്ഡലങ്ങളിലും ഉറപ്പാക്കുന്നതിനു സാധിക്കണം. നാട്ടിലുള്ള പ്രിയപ്പെട്ടവരോട് വോട്ട് ചോദിക്കുന്നതു കൂടാതെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമാകുന്നതിനും അഭ്യര്‍ഥിക്കണമെന്ന് കെപിസിസി പ്രസിഡന്റ് ഓര്‍മിപ്പിച്ചു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒഐസിസി യുകെ നടത്തി വരുന്ന വിവിധ പ്രചാരണ പരിപാടികളെ കെപിസിസി പ്രസിഡന്റ് പ്രത്യേകം അഭിനന്ദിച്ചു. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ വളരെ സജീവമായ പ്രചാരണമാണ് ആഴ്ച്ചകളായി നടത്തി വരുന്നത്. 20 പാര്‍ലമെന്റ് മണ്ഡലങ്ങള്‍ക്കും പ്രത്യേകം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്മാരെ നിയോഗിച്ചാണ് പ്രചാരണം ശക്തിപ്പെടുത്തിയിട്ടുള്ളത്. യുഡിഎഫിലെ ഘടകകക്ഷികളുടെ പ്രവാസി സംഘടനകളെ കൂടി ഉള്‍പ്പെടുത്തിയുള്ള ഒഐസിസി യുകെയുടെ പ്രചാരണങ്ങള്‍ മാതൃകാപരമാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

യുകെയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് വിളിക്കാവുന്ന അക്സസ് നമ്പരാണ് ഏപ്രില്‍ ഒന്നു മുതല്‍ 10 വരെ യുകെ മലയാളികള്‍ക്ക് തികച്ചും സൌജന്യമായി ഒഐസിസി യുകെ നല്‍കുന്നത്. 03301222690 എന്നതാണ് ഫ്രീ അക്സസ് നമ്പര്‍. എല്ലാ യുകെ ലാന്‍ഡ് ലൈനില്‍ നിന്നും മൊബൈല്‍ ഫോണുകളില്‍ നിന്നും സാധാരണ ലോക്കല്‍ കോള്‍ ചെയ്യുന്നതുപോലെതന്നെ ഫ്രീ അക്സസ് നമ്പരിലേയ്ക്ക് വിളിക്കുകയും തുടര്‍ന്ന് നാട്ടിലെ നമ്പര്‍ ഡയല്‍ ചെയ്താലും മതിയാവും. 01, 02 എന്നിങ്ങനെ തുടങ്ങുന്ന യുകെയിലെ ലാന്‍ഡ് നമ്പരുകളിലേയ്ക്ക് വിളിക്കുന്നതുപോലെ മാത്രമേ ഫ്രീ നമ്പരിലേയ്ക്ക് വിളിക്കുന്നതും കണക്കാക്കപ്പെടുകയുള്ളൂ. മൊബൈലില്‍ നിന്നും വിളിക്കുകയാണെങ്കില്‍ ഫ്രീ മിനുട്ടുകളില്‍ നിന്നും ഈ നമ്പരിലൂടെ വിളിക്കുന്ന സമയം കുറയും.

സോണിയാ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് അധികാര തുടര്‍ച്ച നല്‍കുന്നതിനും രാജ്യത്ത് ജനാധിപത്യ മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് ഉറപ്പാക്കുന്നതിനുംവേണ്ടി യുകെയിലെ പ്രവാസി മലയാളികളുടെ എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാവണം. കേരളത്തിലെ 20 മണ്ഡലങ്ങളിലേയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുന്നതിനുവേണ്ടിയും ഈ അവസരം വിനയോഗിക്കണമെന്നും ഒഐസിസി നാഷണല്‍ കമ്മിറ്റിക്കുവേണ്ടി ദേശീയ ആക്ടിംഗ് പ്രസിഡന്റ് ജയ്സണ്‍ ജോര്‍ജ്, ഭാരഹാഹികളായ എബി സെബാസ്റ്യന്‍, മാമ്മന്‍ ഫിലിപ്പ്, തോമസ് പുളിക്കല്‍, പോള്‍സണ്‍ തോട്ടപ്പള്ളി, ഡോ. രാധാകൃഷ്ണപിള്ളെ, കെ.എസ് ജോണ്‍സണ്‍, ബിനു കുര്യാക്കോസ്, അനു കെ. ജോസഫ് എന്നിവര്‍ അഭ്യര്‍ഥിച്ചു. ഫ്രീ അക്സസ് നമ്പര്‍ : 03301222690.

വിശദവിവരങ്ങള്‍ക്ക്: എബി സെബാസ്റ്യന്‍ : 07702862186, മാമ്മന്‍ ഫിലിപ്പ്:07885467034, തോമസ് പുളിക്കല്‍ : 07912318341.

റിപ്പോര്‍ട്ട്: കെ.എസ് ജോണ്‍സണ്‍