തിരുവനന്തപുരം സ്വദേശിയെ കാണ്‍മാനില്ലെന്ന് പരാതി
Friday, April 4, 2014 6:04 AM IST
റിയാദ്: ഒമ്പതു മാസം മുന്‍പ് ഹൌസ് ഡ്രൈവര്‍ വീസയില്‍ റിയാദിലെത്തിയ തിരുവനന്തപുരം സ്വദേശിയെക്കുറിച്ച് നാല് മാസമായി ഒരു വിവരവുമില്ലെന്ന് ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയില്‍ പരാതിപ്പെട്ടു.

തിരുവനന്തപുരം കല്ലമ്പലം സ്വദേശി അബ്ദുള്‍ കലാം ആസാദി (45) നെയാണ് നാലു മാസം മുമ്പ് സ്പോണ്‍സര്‍ഷിപ്പ് മാറിയശേഷം കാണാതായത്. നാട്ടില്‍ നിന്നും നായിഫ് അല്‍ ഖഹ്ത്താനി എന്നയാളുടെ വീസയിലാണ് നാട്ടില്‍ നിന്നെത്തിയത്. അതിനുശേഷം മറ്റൊരു സ്പോണ്‍സറിലേക്ക് മാറിയിരുന്നു. അതിനുശേഷം അദ്ദേഹം വീട്ടിലേക്ക് വിളിക്കുകയോ റിയാദിലെ ദാഖല്‍ മൌദൂദിലുള്ള സഹോദരന്‍ സിദ്ദീഖുമായി ബന്ധപ്പെടുകയോ ചെയ്തിട്ടില്ല.

പുതിയ വീട് പണിയാനായി ആറു ലക്ഷം രൂപ ബാങ്കില്‍ നിന്നും കടമെടുത്തിരുന്നു. ഇതിന്റെ കടം വീട്ടുന്നതിനായാണ് വീസയെടുത്ത് വന്നത്. എന്നാല്‍ കടം തിരിച്ചടയ്ക്കാത്തതിനാല്‍ ജപ്തിക്കായി വീട്ടില്‍ നോട്ടീസ് പതിച്ചതായി സഹോദരന്‍ പറഞ്ഞു.

ആസാദിനെക്കുറിച്ച് വിവരമൊന്നുമറിയാതെ ഭാര്യയും രണ്ട് പെണ്‍മക്കളും വിഷമിച്ചിരിക്കുകയാണ്. ആസാദിനെക്കിറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ സഹോദരന്‍ സിദ്ദീഖ് (0532587266), സാമൂഹ്യ പ്രവര്‍ത്തകനായ നാസര്‍ കല്ലറ (0554359073) എന്നിവരെ വിളിച്ചറിയിക്കാന്‍ താത്പര്യപ്പെടുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍