ആറന്മുള എയര്‍പോര്‍ട്ട് യാഥാര്‍ത്ഥ്യമാക്കും: ആന്റോ ആന്റണി എം.പി
Friday, April 4, 2014 5:07 AM IST
പത്തനംതിട്ട: ഇന്ത്യയിലെ തന്നെ ആദ്യത്തെ ഹരിത വിമാനപദ്ധതിയായ ആറന്മുള വിമാനത്താവളം തിരുവിതാംകൂറിന്റെ അടിസ്ഥാന വികസനത്തിന് ഒരു സുപ്രധാന കാല്‍വെയ്പാണെന്നും അതിനാല്‍ തന്നാല്‍ കഴിവത് എല്ലാം ചെയ്യുമെന്നും ആന്റോ ആന്റണി എം.പി വ്യക്തമാക്കി.

ലോകത്തെമ്പാടുമുള്ള വിദേശ മലയാളികളില്‍ നല്ലൊരു പങ്കും മദ്ധ്യതിരുവിതാംകൂറില്‍ നിന്നാണെന്നുള്ള വസ്തുത നാം മറക്കരുതെന്നും അതിനോടുകൂടിയുണ്ടാകുന്ന മധ്യതിരുവിതാംകൂറിന്റെ വളര്‍ച്ച ഏറ്റവും നിര്‍ണ്ണായകമായിരിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. ആറന്മുള വിമാനത്താവളം സമ്പന്നര്‍ക്കു മാത്രമാണെന്നുള്ള തെറ്റിദ്ധാരണ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുവാന്‍ ചില കുബുദ്ധികള്‍ ശ്രമിക്കുന്നുണ്ട്. ഇത് സാധാരണക്കാരന്റെ ആവശ്യമാണെന്നും വരും തലമുറയ്ക്കുവേണ്ടി നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ ഒരു വികസന പ്രവര്‍ത്തനമാണ് ഇതെന്നും തന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം പറയുകയുണ്ടായി.

ഈ തെരഞ്ഞെടുപ്പില്‍ എല്ലാ വിദേശ മലയാളികളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും പിന്തുണ അദ്ദേഹം ആവശ്യപ്പെടുകയും വിദേശ മലയാളികള്‍ക്കുവേണ്ടി താന്‍ എന്നും നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ലോകോത്തര നിലവാരമുള്ള ഒരു അന്താരാഷ്ട്ര വിമാനത്താവളം മധ്യതിരുവിതാംകൂറില്‍ ഉണ്ടാകുമ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട എയര്‍ കണക്ടിവിറ്റി, മെച്ചപ്പെട്ട തൊഴില്‍ സാധ്യതകള്‍, വിനോദ സഞ്ചാര മേഖലയിലെ വികസനങ്ങള്‍ എന്നിവ സാധ്യമാകുകയും പത്തനംതിട്ട ജില്ലയ്ക്കും സംസ്ഥാനത്താകമാനവും ഒരു നൂതന വളര്‍ച്ച സാധ്യമാകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ശിവദാസന്‍ നായര്‍ എം.എല്‍.എ, വര്‍ക്കി ഏബ്രഹാം, ഡോ. പി.റ്റി നന്ദകുമാര്‍ എന്നിവരും പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം