യേശുവിന്റെ പാനപാത്രത്തെ ചരിത്രകാരന്‍മാര്‍ ചോദ്യം ചെയ്യുന്നു
Thursday, April 3, 2014 8:54 AM IST
മാഡ്രിഡ്: അന്ത്യത്താഴ സമയത്ത് യേശു ക്രിസ്തു ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന പാനപാത്രം കാണാന്‍ സ്പാനിഷ് പള്ളിയുടെ കീഴിലുള്ള മ്യൂസിയത്തിലേക്ക് ജനപ്രവാഹം. എന്നാല്‍, ഇതിനിടെയും പാനപാത്രത്തിന്റെ ആധികാരികതയെ ചരിത്രകാരന്മാര്‍ ചോദ്യം ചെയ്യുകയാണ്.

ലിയോണിലുള്ള സാന്‍ ഇസിഡ്രോ ബസിലിക്കയില്‍ യേശു ക്രിസ്തു ഉപയോഗിച്ച പാനപാത്രം സൂക്ഷിച്ചിരിക്കുന്നു എന്ന് അടുത്തിടെ പുറത്തിറങ്ങിയ ഒരു പുസ്തകത്തിലാണ് അവകാശപ്പെട്ടിരുന്നത്. ആയിരം വര്‍ഷമായി ആരാലും ശ്രദ്ധിക്കപ്പെടാതെ അവിടെക്കിടന്ന പാത്രം ഇതോടെ കാന്തികശക്തിയാലെന്നപോലെ വിശ്വാസികളെ ആകര്‍ഷിക്കാന്‍ തുടങ്ങുകയായി.

എന്നാല്‍, പാനപാത്രത്തെ സംബന്ധിച്ച വാര്‍ത്തകള്‍ മിത്തിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നും വസ്തുതാപരമാണെന്നതിന് തെളിവൊന്നുമില്ലെന്നും ചരിത്ര ഗവേഷകര്‍ പറയുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഉത്ഭവിച്ച കഥയാണിത്. അതില്‍ പറയുന്നതു പോലൊരു പാനപാത്രം യഥാര്‍ഥത്തില്‍ എവിടെയും സൂക്ഷിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു.

ചരിത്രകാരി തന്നെയായ മാര്‍ഗരിറ്റ ടോറസിന്റെ, 'കിംഗ്സ് ഓഫ് ദ ഗ്രെയ്ന്‍' എന്ന പുസ്തകത്തിലാണ് ഇതു യേശു ക്രിസ്തു ഉപയോഗിച്ച പാനപാത്രമാണെന്നു പറയുന്നത്. ഈ പരാമര്‍ശം പ്രതീകാത്മകമാകാനേ തരമുള്ളൂ എന്ന് മറ്റു ഗവേഷകരും പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍