യൂറോപ്പില്‍ മൊബൈല്‍ റോമിംഗ് ചാര്‍ജ് ഏകീകരിക്കുന്നു
Thursday, April 3, 2014 8:53 AM IST
ബ്രസല്‍സ്: യൂറോപ്പില്‍ മൊബൈല്‍ റോമിംഗ് ചാര്‍ജ് ഏകീകരിക്കുന്നു. ഇതനുസരിച്ച് 2015 ഡിസംബര്‍ 15 ന് പുതിയ നിരക്കുകള്‍ പ്രാബല്യത്തിലാവും. യൂറോപ്യന്‍ പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 534 അംഗങ്ങള്‍ അനുകൂലിച്ചു വോട്ടുചെയ്തപ്പോള്‍ 25 അംഗങ്ങള്‍ മാത്രമാണ് എതിര്‍ത്തു വേട്ടുചെയ്തത്. യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്റെ അംഗീകാരം ലഭിച്ചാലേ നിയമം പ്രാബല്യത്തിലാവു.

യൂണിയനിലെ മറ്റു രാജ്യങ്ങളില്‍ ആയിരിക്കുമ്പോള്‍ മൊബൈല്‍ വഴി ഫോണ്‍ ചെയ്യുന്നതിനും ഡാറ്റാകള്‍ ഡൌണ്‍ലോഡു ചെയ്യുന്നതിനും ഉപയോക്താക്കളുടെ ഹോംലാന്റില്‍ എത്ര നിരക്കാണോ നല്‍കുന്നത് ആ നിരക്കായിരിക്കും നിയമം പ്രാബല്യത്തിലായാല്‍ നല്‍കേണ്ടി വരിക. കൃത്യമായി പറഞ്ഞാല്‍ ഹോംലാന്റെന്നോ വിദേശരാജ്യമെന്നോ വ്യത്യാസമില്ലാതെ ഒരേ നിരക്കായിരിക്കും പ്രാബല്യത്തിലാക്കുക. കഴിഞ്ഞ കാലങ്ങളിലായി മൊബൈല്‍ നിരക്കുകളില്‍ പല പ്രാവശ്യമായി കുറവു വരുത്തിയിരുന്നുവെങ്കിലും റോമിംഗ് ചാര്‍ജ് മിക്ക രാജ്യങ്ങളിലും വ്യത്യാസമുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ ഫെബ്രുവരിയില്‍ നടത്തിയ സര്‍വേയില്‍ 94 ശതമാനം യൂറോപ്യരും റോമിംഗ് ചാര്‍ജിന്റെ പേരില്‍ യാത്രചെയ്യുമ്പോള്‍ മൊബൈല്‍ ഉപയോഗം കുറച്ചിരുന്നു. 2012 ല്‍ മൊബൈല്‍ ബ്രൌസിംഗ് ചാര്‍ജ് 70 സെന്റില്‍ നിന്ന് 45 സെന്റാക്കി (ഒരു എംബി ശേഷിക്ക്) കുറച്ചിരുന്നെങ്കിലും ഉപഭോക്താക്കള്‍ക്ക് ഇക്കാര്യത്തില്‍ കൈപൊള്ളും എന്ന മട്ടിലായിരുന്നു ഉപയോഗമെന്ന് ഇയു കമ്മീഷണര്‍ നീലി ക്രൊയെസ് പറഞ്ഞു. വേഗതയ്ക്ക് 4 ജി ഉപയോഗിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍