മിഅ മലപ്പുറം ഫെസ്റ് 2014 - മാപ്പിളപ്പാട്ട് മത്സരം ഏപ്രില്‍ നാലിന്
Monday, March 31, 2014 8:14 AM IST
റിയാദ്: മലപ്പുറം ജില്ലാ പ്രവാസികളുടെ പൊതുവേദി 'മിഅ' യുടെ ഏഴാം വാര്‍ഷികാഘോഷപരിപാടിയായ മലപ്പുറം ഫെസ്സ് 2014-നോടനുബന്ധിച്ച് മാപ്പിളപ്പാട്ട് മത്സരം നടത്തുന്നു.

ഏപ്രില്‍ നാലിന് (വെള്ളി) വൈകുന്നേരം നാലു മുതല്‍ ബത്തയിലെ ശിഫാ അല്‍ജസീറ പോളിക്ളിനിക്ക് ഓഡിറ്റോറിയത്തിലാണ് മത്സരം. എല്ലാ വര്‍ഷവും നടത്തി വരാറുള്ള മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിളപ്പാട്ട് മത്സരം ഇത്തവണ സൌദിയിലെ പ്രമുഖ പേന നിര്‍മാതാക്കളായ ലിങ്ക് പേനയുമായി സഹകരിച്ചുകൊണ്ട് കരോകെ അടിസ്ഥാനത്തിലുള്ള മാപ്പിളപ്പാട്ട് മത്സരമാണ് സംഘടിപ്പിക്കുന്നത്.

ആല്‍ബം-സിനിമാ ഗാനങ്ങള്‍ ഒഴിച്ചുള്ള എല്ലാതരം മാപ്പിളഗാനങ്ങളും മത്സരത്തിന് പരിഗണിക്കും. ജൂണിയര്‍ (എട്ടാം ക്ളാസ് വരെയുള്ള കുട്ടികള്‍), സീനിയര്‍ (12-ാം ക്ളാസ് വരെയുള്ള കുട്ടികള്‍), ജനറല്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടത്തുക. മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന വിജയികള്‍ക്ക് മിഅ നല്‍കുന്ന സര്‍ട്ടിഫിക്കറ്റും ലിങ്ക് പെന്‍ നല്‍കുന്ന ട്രോഫിയും ആകര്‍ഷകമായ സമ്മാനങ്ങളും ഏപ്രില്‍ 10-ന് നോഫ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മലപ്പുറം ഫെസ്റ് 2014 സമാപന സമ്മേളനത്തില്‍ നല്‍കും. കൂടാതെ എല്ലാ മത്സരാര്‍ഥികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. മത്സരത്തില്‍ പങ്കെടുക്കാന്‍ അഗ്രഹിക്കുന്നവര്‍ സക്കീര്‍ മണ്ണാര്‍മല (0541501370), ഷാജഹാന്‍ എടക്കര (0556998121), മുസ്തഫ പാണ്ടിക്കാട് (0504405278) എന്നിവരുമായി ബന്ധപ്പെട്ട് പേരുകള്‍ രജിസറ്റര്‍ ചെയ്യേണ്ടതാണ്.

കൂടാതെ മത്സരദിവസം അഞ്ചുവരെ ഓഡിറ്റോറിയത്തില്‍ സജ്ജീകരിച്ചിരിക്കുന്ന രജിസ്ട്രേഷന്‍ കൌണ്ടറിലും പേരുകള്‍ നല്‍കാവുന്നതാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍