ഇന്ത്യന്‍ എംബസി അഭയകേന്ദ്രത്തില്‍ നിന്നും അഞ്ച് പേര്‍ കൂടി നാടണഞ്ഞു
Sunday, March 30, 2014 7:51 AM IST
റിയാദ്: നിതാഖാത്ത് ഇളവ് കാലയളവില്‍ നാട്ടില്‍ പോകാനായി ദൂരദിക്കുകളില്‍ നിന്നും റിയാദിലെത്തിയിരുന്ന അനധികൃത താമസക്കാരായ ഇന്ത്യക്കാര്‍ക്കായി എംബസി ആരംഭിച്ച അഭയകേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന അഞ്ച് പേരെ വെള്ളിയാഴ്ച ഇന്ത്യന്‍ എംബസി വിമാന ടിക്കറ്റ് നല്‍കി നാട്ടിലേക്കയച്ചു.

അഭയകേന്ദ്രത്തില്‍ എക്സിറ്റ് കാത്ത് ഇനിയും അന്‍പതിലേറെ ഇന്ത്യക്കാരുള്ളതായി എംബസി സാമൂഹ്യ ക്ഷേമവിഭാഗം അറിയിച്ചു. ഇവരെയെല്ലാം സൌദി അധികൃതര്‍ എക്സിറ്റ് നല്‍കുന്ന മുറയ്ക്ക് ഇന്ത്യന്‍ എംബസി തൊഴിലാളി ക്ഷേമനിധിയില്‍ നിന്നും ടിക്കറ്റ് നല്‍കി നാട്ടിലയക്കുമെന്നും എംബസി അധികൃതര്‍ പറഞ്ഞു.

യുപി സ്വദേശികളായ സയിദ് ശാം, ഷഹ്സാദ് ഖാന്‍, ഡല്‍ഹി സ്വദേശി മനോജ് കുമാര്‍, തമിഴ് നാട്ടില്‍ നിന്നുള്ള സയിദ് ബാഷ ജാഫര്‍, അമ്മാസി വേലുസാമി എന്നിവരാണ് വെള്ളിയാഴ്ച ആറിനുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചത്. സ്പോണ്‍സറില്‍ നിന്നും ഒളിച്ചോടി വിവിധ കേന്ദ്രങ്ങളില്‍ അനധികൃതമായി ജോലി ചെയ്തിരുന്ന ഇവര്‍ പൊതുമാപ്പ് കാലയളവില്‍ നാട്ടില്‍ പോകാനായി എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഇന്ത്യന്‍ എംബസിയില്‍ നിന്നും സ്വന്തമാക്കിയിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ എക്സിറ്റ് ലഭിക്കാന്‍ താമസം നേരിടുകയായിരുന്നു. അഭയകേന്ദ്രത്തിലുള്ള മുഴുവനാളുകള്‍ക്കും എക്സിറ്റ് ലഭ്യമാക്കി നാട്ടിലയക്കാന്‍ എംബസി പ്രതിജ്ഞാബദ്ധമാണെന്നും അതുവരെ എംബസിയുടെ ചെലവില്‍ അവരെ സംരക്ഷിക്കുമെന്നും എംബസി അധികൃതര്‍ ഉറപ്പ് നല്‍കി. എന്നാല്‍ പണം നല്‍കിയും മറ്റു കുറുക്കുവഴികളിലൂടേയും എക്സിറ്റ് നേടാന്‍ ശ്രമിക്കുന്നവരേയും അവരെ സഹായിക്കാനെന്ന വ്യാജേന അടുത്തു കൂടി പണം തട്ടുന്നവരേയും എംബസി അംഗീകരിക്കില്ലെന്നും അവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുമെന്നും എംബസി വെല്‍ഫെയര്‍ വിഭാഗം അറിയിച്ചു. ഇത്തരം ആളുകളെക്കുറിച്ചും ചില അനധികൃത സംഘടനകളെക്കുറിച്ചും എംബസിക്ക് വിവരം ലഭിച്ചതായും അവരെക്കുറിച്ചുള്ള അന്വേഷണം നടന്നു വരുന്നതായും വെല്‍ഫെയര്‍ വിഭാഗം മേധാവി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍