ഇന്ത്യന്‍ സ്കൂള്‍ പുതിയ ബ്ളോക്കിന്റെ ഉദ്ഘാടനം മൂലധയില്‍ നടന്നു
Friday, March 28, 2014 8:24 AM IST
മസ്ക്കറ്റ്: ഇന്ത്യന്‍ സ്കൂള്‍ മൂലധയുടെ പുതിയ ബ്ളോക്കായ മൈല്‍ സ്റോണിന്റെ ഉദ്ഘാടനം ഇന്ത്യന്‍ അംബാസഡര്‍ ജെ.എസ് മുകുള്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ബിഒഡി ചെയര്‍മാന്‍ ടോണി ജോര്‍ജ് അലക്സാണ്ടര്‍, സി.എം നജീബ്, അരുള്‍ മൈക്കിള്‍ (ഡയറക്ടര്‍ ഇന്‍ ചാര്‍ജ്, ഇന്ത്യന്‍ സ്കൂള്‍ മൂലധ), മാത്യു ഏബ്രഹാം (എഡ്യൂക്കേഷന്‍ അഡ്വൈസര്‍ ഓഫ് ഇന്ത്യന്‍ സ്കൂള്‍), ഡോ. കാസി അര്‍ഷാദ് ജാഫര്‍ (സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ്), സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ട്രഷറര്‍ സിദ്ധിഖ് ഹസന്‍, സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി മെംബറായ ഫെലിക്സ് വിന്‍സെന്റ് ഗബ്രിയേല്‍, മുന്‍ എസ്എംസി മെംബര്‍മാര്‍, സ്കൂള്‍ സ്ഥാപകന്‍ കെ. ജമാല്‍, റുസ്താഖ് സ്കൂള്‍ പിടിഎ പ്രസിഡന്റ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ഷെരീഫ്, വൈസ് പ്രിന്‍സിപ്പല്‍ വി.എസ് സുരേഷ്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷാകര്‍ത്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.

ജെ.എസ് മുകുള്‍ എട്ട് ക്ളാസ് മുറികളോടുകൂടിയ മൈല്‍ സ്റോണ്‍ ബ്ളോക്ക് വിദ്യാര്‍ഥികള്‍ക്കായി തുറന്നു കൊടുത്തു. തുടര്‍ന്ന് ഒമാന്‍, ഇന്ത്യന്‍ ദേശീയ ഗാനത്തോടെ ഉദ്ഘാടന ചടങ്ങ് ആരംഭിച്ചു. സ്കൂള്‍ വിദ്യാര്‍ഥികളുടെ പ്രാര്‍ഥനാ ഗാനത്തിനുശേഷം പ്രസിഡന്റ് ഡോ. കാസി അര്‍ഷാദ് ജാഫര്‍ സ്വാഗത പ്രഭാഷണം നടത്തി. സി.എം നജീബും അരുള്‍ മൈക്കിളും പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മികച്ചനേട്ടം കൈവരിച്ച് തന്റെ യശസുയര്‍ത്തിക്കൊണ്ടിരിക്കുന്ന മുലധ ഇന്ത്യന്‍ സ്കൂളിനേയും സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി, പ്രിന്‍സപ്പല്‍, അധ്യാപകര്‍ എന്നിവരേയും പ്രശംസിച്ചു. ഇന്ത്യന്‍ സംസ്കാരത്തേയും പൈതൃകത്തേയും ഉയര്‍ത്തിക്കാണിക്കുന്ന പ്രവര്‍ത്തനങ്ങളാണ് മൂലധ ഇന്ത്യന്‍ സ്കൂളില്‍ നടക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ഥികളുടെ സമഗ്രവികസനത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കിയ സ്കൂള്‍ ഭാരവാഹികളെ ടോണി ജോര്‍ജ് പ്രശംസിച്ചു.

സ്കൂള്‍ ലൈബ്രറിക്ക് 90 പുസ്തകം സംഭാവന ചെയ്ത മുഖ്യാതിഥി ജെ.എസ് മുകുള്‍ മൈല്‍ സ്റോണ്‍ ബ്ളോക്ക് ഇന്ത്യന്‍ സ്കൂളിന്റെ വിജയ ചരിത്രത്തിലെ ഒരു നാഴികല്ലാണെന്ന് അഭിപ്രായപ്പെട്ടു.

ചടങ്ങിന് പകിട്ടേകി സ്കൂള്‍ വിദ്യാര്‍ഥികള്‍ ക്ളാസിക്കല്‍ നൃത്തവും സംഘഗാനവും അവതരിപ്പിച്ചു. നന്ദി സൂചകമായി മുഖ്യാതിഥികള്‍ക്ക് മൊമെന്റോ സമ്മാനിച്ചു. പ്രിന്‍സിപ്പല്‍ എസ്.ഐ ഷെരീഫ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം