ഉച്ചക്കോടിയിലെ ആകര്‍ഷണമായി ഖത്തര്‍ അമീര്‍
Thursday, March 27, 2014 8:02 AM IST
കുവൈറ്റ് : ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ അടുത്തിടെയുണ്ടായ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ശ്രദ്ധേയമായ അറബ് ലീഗില്‍ ആകര്‍ഷണമായത് ഖത്തര്‍ അമീന്റെ ഷേഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പ്രഭാഷണം.

ആത്മാര്‍ഥത നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ സദസ് ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അറബ് മേഖലയിലുള്ള അരക്ഷിതാവസ്ഥക്ക് കാരണം ഫലസ്തീന്‍ ഇസ്രായേല്‍ വിഷയങ്ങളാണ്. പതിറ്റാണ്ടുകളായി ആക്രമണങ്ങള്‍ക്കും നീതി നിഷേധത്തിനും പാത്രമായ പലസ്തീന്‍ ജനതയെ സംരക്ഷിക്കുവാനും അവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുവാനും അറബ് മേഖലക്ക് ഉത്തരവാദിത്തമുണ്ടന്ന കാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു. ആയിരക്കണക്കിന് പാവപ്പെട്ടവരെ കുരുതി കൊടുത്ത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന സിറിയന്‍ പ്രശ്നം ബഷാര്‍ ഭരണകൂടത്തിന്റെ അസഹിഷ്ണുതയുടെ ഭാഗമായാണ് സങ്കീര്‍ണമായത്.

സ്വന്തം ജനങ്ങളെ ആക്ഷേപിക്കുന്നതിന് പകരം സംഭാഷണവും സംവാദവും അടിസ്ഥാനമാക്കി പരസ്പര ധാരണയും സഹകരണവും കൈവരിക്കാന്‍ ഭരണകൂടം തയാറാകേണ്ടതുണ്ട്. ഇസ്ലാമിന്റെ സഹോദര്യമാണ് ഈജിപ്റ്റിനെ തങ്ങളുമായി ബന്ധിപ്പിക്കുന്നതന്ന് അമീര്‍ വ്യക്തമാക്കി. രാജ്യത്തിന് സുസ്ഥിരതയും ജനങ്ങള്‍ക്ക് സമാധാനവും നല്‍കുന്ന സര്‍ക്കാര്‍ വരണമെന്നാണ് താന്‍ ഈജിപ്റ്റില്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ സ്നേഹിക്കുകയും ജനങ്ങളാല്‍ സ്നേഹിക്കപ്പെടുകയും ചെയ്യുന്നവരാണ് നേതാക്കളില്‍ ഉത്തമര്‍. ജനങ്ങളെ വെറുക്കുകയും അവരാല്‍ വെറുക്കപ്പെടുകയും ചെയ്യുന്നവര്‍ നേതാക്കളില്‍ ഏറ്റവും ദുഷ്ടര്‍. 'നിങ്ങള്‍ അവരെ ശപിക്കും അവര്‍ നിങ്ങളെയും' എന്ന പ്രവാചക വചനം ഉദ്ധരിച്ച് സമാപിച്ച ഉജ്ജ്വലമായ പ്രഭാഷണം സദസിന് പുതിയ അനുഭവങ്ങളാണ് നല്‍കിയത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍