ഷറഫിയ കൊലപാതകം; ഹനീഫയുടെ മൃതദേഹം ഖബറടക്കി
Thursday, March 27, 2014 8:01 AM IST
ജിദ്ദ: കഴിഞ്ഞ മാസം ഷറഫിയയില്‍ കൊല്ലപ്പെട്ട കൊല്ലം മൈനാഗപ്പള്ളി മഠത്തില്‍ മുഹമ്മദ് ഹനീഫ (62) യുടെ മൃതദേഹം ചൊവ്വാഴ്ച ളുഹര്‍ നമസ്കാരത്തിന് ശേഷം റുവൈസ് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.

ഹനീഫയുടെ രണ്ടാം ഭാര്യ തലശേരി സ്വദേശി ഫൌസിയയും മക്കളായ റബാന, ഗസാല, ദര്‍വീഷ് എന്നിവരും ആദ്യ ഭാര്യയിലെ മക്കളായ ഡോ. ഡാനിഷ്, അന്‍സാര്‍, ഹനീഫയുടെ സഹോദരി മാജിദ എന്നിവര്‍ സംസ്കാരത്തില്‍ പങ്കെടുത്തു. ദുബായിലുള്ള ഡോ. സബിത ബീഗം സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയില്ല.

ഹനീഫയുടെ ബന്ധുക്കളായ ജാഫര്‍ കോന്നി, ജാഫര്‍ ഖാന്‍ എന്നിവരെ കൂടാതെ ഹനീഫ ജോലി ചെയ്തിരുന്ന ബിന്‍ ലാദന്‍ കമ്പനിയിലെ സഹപ്രവര്‍ത്തകരായ ഇസ്മായില്‍ മങ്കരത്തൊടി, മുസ്തഫ കൊയിലാണ്ടി, ഒഐസിസി നേതാക്കളായ മജീദ് നഹ, കെ.ടി.എ മുനീര്‍, പാപ്പറ്റ കുഞ്ഞി മുഹമ്മദ്, പത്തനംതിട്ട ജില്ല സംഗമം പ്രവര്‍ത്തകരായ അലി തേക്കുതോട്, നൌഷാദ് അടൂര്‍, അനില്‍ പത്തനംതിട്ട, കെഎംസിസിയുടെ മജീദ് പുകയൂര്‍ എന്നിവരും സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.

ഡിഎന്‍എ പരിശോധന ഫലം വരുന്നത് കാത്താണ് ഖബറടക്കം വൈകിയത്. ഡിഎന്‍എ ഫലം വരാന്‍ ഇനിയും വൈകുമെന്നാണ് അറിയുന്നത്. പ്രതി വേങ്ങര കൂരിയാട് പാലച്ചിറമാട് പറമ്പന്‍ അബ്ദുള്‍ കരീം കുറ്റസമ്മതം നടത്തിയ സ്ഥിതിക്ക് പോലീസിന്റെ സമ്മതപ്രകാരം ബന്ധുക്കള്‍ മൃതദേഹം ഖബറടക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഫെബ്രുവരി 18 നു ആണ് ഹനീഫയുടെ കത്തിക്കരിഞ്ഞ മൃതദേഹം കെട്ടിടത്തിനു മുകളില്‍ കണ്െടത്തിയത്. തുടര്‍ന്ന് കോഴിക്കട നടത്തുന്ന അബ്ദുള്‍ കരീമിനെയും സംഭവം നടന്ന കെട്ടിടത്തിലെ താമസക്കാരായ എടക്കര സ്വദേശികളായ സിദ്ദീഖ്, റംഷീദ്, പെരിന്തല്‍മണ്ണ സ്വദേശികളായ യൂനുസ്, കോയ, പാണ്ടിക്കാട് സ്വദേശി ജലീല്‍ എന്നിവരെയും ഹനീഫയുടെ ഫ്ളാറ്റില്‍ ഭക്ഷണം പാകം ചെയ്തുകൊടുക്കാന്‍ അബ്ദുള്‍ കരീം ഏര്‍പ്പാടാക്കിയ തമിഴ്നാട് സ്വദേശിനിയേയും അറസ്റുചയ്തിരുന്നു. ജിദ്ദയില്‍ ഒരു ക്ളീനിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു അവര്‍. ഈ സ്ത്രീയുടെ കൈയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉണ്െടങ്കിലും ഇവര്‍ ഇന്ത്യക്കാരി തന്നെ ആണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

അബ്ദുല്‍ കരീമിന്റെ ഫളാറ്റില്‍ താമസിക്കുന്നവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും സംഭവം അറിഞ്ഞിട്ടും മറച്ചു വച്ചു എന്ന കാരണത്താല്‍ ആണ് ശിക്ഷ നേരിടുന്നത്. ഇതില്‍ എടക്കര സ്വദേശികളായ ബാപ്പയും മകനും അബ്ദുള്‍ കരീമിന്റെ അടുത്ത ബന്ധുക്കള്‍ ആണ്. ഇവര്‍ക്ക് ഈ കൊലപാതകത്തില്‍ ഉള്ള പങ്ക് ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. ഇവരുടെ മോചനത്തിന് ജിദ്ദ കോണ്‍സുലേറ്റ് മുഖേന ബന്ധുക്കള്‍ ശ്രമം നടത്തി വരുന്നുണ്ട്. ഹനീഫയും അബ്ദുള്‍ കരീമും തമ്മിലുള്ള സാമ്പത്തിക ഇടപാട് മൂലം ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഹനീഫയുടെ ഭാര്യയും മക്കളും ഒരാഴ്ചക്കുള്ളില്‍ തിരിച്ചു പോകും. ഹനീഫയ്ക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ കമ്പനി കോണ്‍സുലേറ്റ് മുഖേന നാട്ടില്‍ ജില്ലാ കലക്ടര്‍ക്ക് അയച്ചു കൊടുക്കും. ഹനീഫക്ക് പ്രായമായ മാതാവും രണ്ടു ഭാര്യമാരും അതിലുള്ള മക്കളും സ്വത്തിന് അവകാശികള്‍ ആയിട്ടുണ്ട്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍