ഇന്റര്‍ യുഎഇ കബഡി ടൂര്‍ണമെന്റ് ഏപ്രില്‍ നാലിന്
Thursday, March 27, 2014 5:27 AM IST
അബുദാബി: യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള 20 ഓളം ടീമുകള്‍ ഏറ്റുമുട്ടുന്ന ഇന്റര്‍ യുഎഇ കബഡി ടൂര്‍ണമെന്റ് ഏപ്രില്‍ നാലിന് (വെള്ളി) അബുദാബി മലയാളി സമാജത്തില്‍ നടക്കും.

കല അബുദാബിയും ബ്ളാക്ക് ആന്‍ഡ് വൈറ്റ് കല്ലൂരാവിയും ചേര്‍ന്ന് അബുദാബി മലയാളി സമാജത്തിന്റെ സഹകരണത്തോടെ നടത്തുന്ന ടൂര്‍ണമെന്റില്‍ കേരളത്തില്‍ നിന്നു പ്രമുഖ കബഡി താരങ്ങളും പങ്കെടുക്കും.

സംസ്ഥാന മുന്‍ ക്യാപ്റ്റനും സംസ്ഥാന ടീമിനു വേണ്ടി കളിച്ച കളിക്കാരും യുഎഇയിലെ വിവിധ ടീമുകള്‍ക്കുവേണ്ടി ജേഴ്സിയണിയും.

യുഎഇയില്‍ ആദ്യമായി ഇന്റര്‍ യുഎഇ കബഡി ടൂര്‍ണമെന്റ് ആരംഭിച്ചത് അബുദാബി മലയാളി സമാജത്തില്‍ കഴിഞ്ഞ വര്‍ഷം മുതലാണ്. കല അബുദാബിയും ബ്ളാക്ക് ആന്‍ഡ് വൈറ്റ് കല്ലൂരാവിയും ചേര്‍ന്ന് നടത്തിയ ടൂര്‍ണമെന്റിനു ഇത്തവണയും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നു സംഘാടകര്‍ പറഞ്ഞു.

ടൂര്‍ണമെന്റിലെ വിജയികള്‍ക്കും റണ്ണേഴ്സ് അപ്പിനും മികച്ച കളിക്കാര്‍ക്കും ട്രോഫികളും കാഷ് അവാര്‍ഡും സമ്മാനമായി നല്‍കും. ടൂര്‍ണമെന്റില്‍ പേര് രജിസ്റര്‍ ചെയ്യാനുള്ള അവസാന തീയതി മാര്‍ച്ച് 31 ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 050 570 2140, 052 929 3451.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള