റിയാദ്: ഫ്രന്റ്സ് ക്രിയേഷന്‍സ് സംഘടിപ്പിക്കുന്ന മാപ്പിളപ്പാട്ട്, ഭക്തിഗാന റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെയും സാംസ്കാരിക സമ്മേളനവും മാര്‍ച്ച് 27 ന് (വ്യാഴം) എക്സിറ്റ് 18 ലെ നോഫ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈകുന്നേരം ആറിന് ആരംഭിക്കുന്ന മത്സരങ്ങള്‍ക്കുശേഷം രാത്രി 10 മുതല്‍ സാംസ്കാരിക സമ്മേളനവും നടക്കും. സൌദി അറേബ്യയിലെ മലയാളി സമൂഹത്തിന്റെ മുഴുവന്‍ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സൌദി മലയാളി മാന്വല്‍ ക്യാപ്റ്റന്‍ ദാസിന് നല്കി ഡോ. എം.സി സെബാസ്റ്യന്‍ നിര്‍വഹിക്കും. ഫ്രന്റ്സ് ക്രിയേഷന്‍സിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ഫ്ളീരിയ എംഡി അഹമ്മദ് കോയക്കും ബിസിനസ് മാഗ്നെറ്റ് ഓഫ് ദ ഡീക്കേഡ് പുരസ്കാരത്തിന് അര്‍ഹനായ ക്ളിക്കോണ്‍ എംഡി നാസര്‍ അബൂബക്കറിനും അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്യും.
ഡോ. വര്‍ഗീസ് മൂലന്, മഹ്റൂഫ് ചെമ്പ, സൂരജ് പാണയില്‍, അറബ്കോ രാമചന്ദ്രന്, വി.എം അഷ്റഫ്, സജി ജോസ്, ജോയി പോള്‍, മജീദ് ചിങ്ങോലി എന്നിവര്‍ക്ക് ബിസിനസ് എക്സലന്‍സ് അവാര്‍ഡ് നല്‍കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ഡയറക്ടര്‍ ഉബൈദ് എടവണ്ണ പറഞ്ഞു.
മികച്ച ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്കുള്ള പുരസ്കാരം തെന്നല മൊയ്തീന് കുട്ടി, സഫിയ അജിത് ദമാം എന്നിവര്‍ക്കും പ്രവാസി വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള അവാര്‍ഡ് അല്‍ ഹുദ ഗ്രൂപ്പ് ഓഫ് സ്കൂള്‍സ് ചെയര്മാന് ടി.പി മുഹമ്മദിനും സമ്മാനിക്കും. പ്രത്യേക അവാര്‍ഡിന് അര്‍ഹരായ എസ്.വി. അര്‍ശുല്‍ അഹമ്മദ്, സബീന എം. സാലി, ഷീല രാജു എന്നിവരേയും ചടങ്ങില്‍ ആദരിക്കും.
മയില്‍പ്പീലി റിയാലിറ്റി ഷോ ഗ്രാന്‍ഡ് ഫിനാലെയില്‍ റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളില്‍ ജൂണിയര്‍, സീനിയര്‍, ബഹുജനം എന്നീ വിഭാഗങ്ങളില്‍ നടന്ന മത്സരങ്ങളിലെ അവസാന റൌണ്ടിലെത്തിയ 16 പ്രതിഭകള്‍ മാറ്റുരക്കും. റിയാലിറ്റി ഷോയില്‍ പങ്കെടുത്ത എല്ലാവര്ക്കും ജയ്ഹിന്ദി ടിവിയുടെ പ്രശംസാപത്രവും കാഷ് അവാര്‍ഡും വിജയികള്‍ക്ക് ലുലു ഹൈപ്പര്‍മാര്‍ക്കറ്റും ബ്രാന്‍ഡ് സോണ്‍ നല്കുന്ന സമ്മാനങ്ങളും ഉണ്ടായിരിക്കും.
ഉബൈദ് എടവണ്ണയോടൊപ്പം അബ്ദുള്‍ അസീസ് കോഴിക്കോട്, ഹര്‍ഷദ് മേച്ചേരി, നാസര്‍ അബൂബക്കര്‍, ഫസല്‍ റഹ്മാന്, സുജാബ്മോന് ഹസന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍