25 -ാമത് അറബ് ലീഗ് ഉച്ചക്കോടിക്ക് പ്രൌഢഗംഭീരമായ തുടക്കം
Wednesday, March 26, 2014 4:52 AM IST
കുവൈറ്റ് : ഇരുപത്തഞ്ചാമത് അറബ് ലീഗ് ഉച്ചക്കോടിക്ക് പ്രൌഢഗംഭീരമായ തുടക്കം. കുവൈറ്റ് അമീര്‍ ഷേഖ് സബ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബ ഉച്ചക്കോടിയുടെ ഔപചാരിക ഉദ്ഘാടനം നിരവഹിച്ച ചടങ്ങില്‍ അറബ് ലീഗ് സെക്രട്ടറി ജനറല്‍ നബീല്‍ അല്‍ അറബി അധ്യക്ഷത വഹിച്ചു.

ഉച്ചക്കോടിയില്‍ ഖത്തര്‍ അമീര്‍ ഷൈക് തമീം ഹമദ് അല്‍ഥാനി, സൌദി രാജകുമാരന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൌദ്, ബഹറിന്‍ രാജകുമാരന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലിഫ, യു. ഫുജൈറ ഭരണാധികാരി ഷേഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി, ലെബനീസ് പ്രസിഡന്റ് മിച്ചെല്‍ സുലൈമാന്‍, മൌറിത്താനിയ പ്രസിഡന്റ് മുഹമ്മദ് ഔലുദ്, ദിജിബൌത്തി പ്രസിഡന്റ് ഇസ്മായില്‍ ഒമര്‍, സുഡാന്‍ പ്രസിഡന്റ് ഒമര്‍ ഹസന്‍ അല്‍ ബഷിര്‍, മൊറോക്കോ പ്രധാനമന്ത്രി അബ്ദുലില്ല ബെന്‍കിരനെ തുടങ്ങിയ രാഷ്ടതലവന്മാരും മറ്റിടങ്ങളില്‍ നിന്ന് മുതിര്‍ന്ന പ്രതിനിധികളും പങ്കെടുത്തു.

അറബ് ലോകത്ത് ഉണ്ടായതെന്ന് പറയുന്ന തര്‍ക്കം പെരുപ്പിച്ചതും മേഖലയിലെ ഒത്തൊരുമയെ ഇല്ലാതാക്കാനുമാണ്. നമ്മുടെ അസ്തിത്വവും മൂല്യവും പ്രത്യാശയും അഭിലാഷവും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുവാനുള്ള ഊര്‍ജവും ഓജസുമാണ് നമുക്ക് നല്‍കുന്നത്. ഐക്യത്തോടെ നീതിപൂര്‍വമായ നിലനില്‍പ്പിനായിരിക്കണം അറബ് രാഷ്ട്രങ്ങള്‍ പ്രാമുഖ്യം നല്‍കേണ്ടതന്ന് അമീര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വിവാദങ്ങളെ ഒത്താരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ തരണം ചെയ്യണം. അറബ് മേഖലയുടെ പൊതുവായ വിഷയങ്ങളും വികസനോന്മുഖമായ പദ്ധതികളെയും കുറിച്ചുള്ള ചര്‍ച്ചകളും മേഖലയിലെ പ്രതിസന്ധികള്‍ മറികടക്കുന്നതിനുള്ള സാമ്പത്തിക രാഷ്ട്രീയ സാമൂഹിക പരിഷ്കരണ പദ്ധതികളുമായിരിക്കണം ഇത്തരം വേദികളിലൂടെ ഉരുത്തിരിയേണ്ടതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

സിറിയന്‍ വിഷയം നാലാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. പതിനായിരക്കണക്കിന് നിഷ്കളങ്കരായ പാവപ്പെട്ട ജനങ്ങളുടെ ജീവിതകാല സമ്പാദ്യം മുഴുവന്‍ ഒരു നിമിഷം കൊണ്ട് നശിപ്പിക്കപ്പെട്ടിരിക്കുകയാണ്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ പോലും ധ്വംസിക്കുന്ന കിരാതത്തിനെതിരെ പ്രതികരിക്കുവാന്‍ യുഎന്‍ സെക്യൂരിറ്റി കൌണ്‍സിലിന് ആകേണ്ടതുണ്ട്. യുണിസെഫിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം സിറിയന്‍ യുദ്ധം 5.5 മില്ല്യണ്‍ കുട്ടികളെ നേരിട്ട് ബാധിച്ചിട്ടുണ്ട്. മൂന്ന് മില്ല്യണ്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. സമാധാനത്തോടെയും സ്വാതന്ത്യ്രത്തോടെയും ജീവിക്കാനുള്ള സിറിയന്‍ ജനതയുടെ അവകാശം പരിഹരിക്കുവാന്‍ യുഎന്‍ സെക്യൂറിറ്റി കൌണ്‍സില്‍ തയാറാകണമെന്ന് ആവര്‍ത്തിച്ച് ഊന്നിപ്പറയുകയാണ്. ഞങ്ങളുടെ സഹോദരങ്ങളായ സിറിയന്‍ ജനതയുടെ വേദനകള്‍ ശമിപ്പിക്കുവാന്‍ ആവശ്യമായ നടപടികള്‍ ഏറ്റുടുക്കുവാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്.

മേഖലയില്‍ പുതിയ പ്രതിഭാസമായി തീവ്രവാദം വളര്‍ന്നുവരികയാണ്. മതപരവും സൈദ്ധാന്തികമായ മുടക്കുന്യായങ്ങള്‍ പറഞ്ഞുകൊണ്ടുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ അഖണ്ഡതയ്ക്കും, സമാധാനത്തിനും ഭീഷണിയാകാനും വികസനം മുരടിക്കുവാനും നിര്‍ദോഷികളായ പാവപ്പെട്ടവരെ ഇല്ലായ്മ ചെയ്യുവാനും മാത്രമേ ഉപകരിക്കുകയുള്ളൂവെന്ന് അമീര്‍ പറഞ്ഞു. സങ്കീര്‍ണമായ ഒരു പാട് വിഷയങ്ങളിലൂടെയാണ് പലസ്തീന്‍കാര്‍ കടന്നുപോകുന്നത്. പലസ്തീനെതിരെയുള്ള ആക്രമണവും കൈയേറലും അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ തയാറാകണം. യുഎന്‍ ഉടമ്പടി പ്രകാരം ജറുസലേം തലസ്ഥാനമാക്കിയുള്ള സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം വരേണ്ടത് അറബ് മേഖലയിലെ സമാധാനത്തിന് അത്യന്താപേക്ഷിതമാണന്ന് അമീര്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍