ഡല്‍ഹി മലയാളി അസോസിയേഷന്‍: സി. ചന്ദ്രന്‍ സെക്രട്ടറി
Tuesday, March 25, 2014 7:01 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും ചന്ദ്രോദയം. എയര്‍ഫോഴ്സില്‍ നിന്നും റിട്ടയര്‍ ചെയ്ത് രണ്ടു തവണകളിലായി നാലു വര്‍ഷക്കാലം ഡിഎംഎയുടെ ഖജാന്‍ജിയായും അതുപോലെ തന്നെ നാലു വര്‍ഷക്കാലം പ്രസിഡന്റ് ആയും സേവനം അനുഷ്ടിച്ചിട്ടുള്ള സി. ചന്ദ്രന്റെ ജീവിതം ഡിഎംഎ എന്ന ഡല്‍ഹിയിലെ പ്രമുഖ മലയാളി സംഘടനക്കായി ഉഴിഞ്ഞു വച്ചിരിക്കുകയാണ്.

ഇത്തവണത്തെ പ്രത്യേകത അദ്ദേഹം പ്രസിഡന്റ് പദം ഒഴിഞ്ഞ് സെക്രട്ടറി പദത്തിലേക്ക് മത്സരിച്ച് വിജയിച്ചു എന്നുള്ളതാണ്. എന്തുകൊണ്ടാണ് ഉയര്‍ന്ന പദവിയില്‍ നിന്നും താഴേക്കിറങ്ങിയത് എന്ന ചോദ്യത്തിനുത്തരം ഇത്രമാത്രം. മലയാളികള്‍ക്ക് ആപത്ഘട്ടങ്ങളില്‍ സഹായം നല്‍കണം. അതിനു പ്രബലമായൊരു സംഘടനയുടെ പിന്തുണ വേണം. ഡിഎംഎ പോലൊരു ജനകീയ കൂട്ടായ്മയുടെ അടിത്തറ വളരെ വലുതാണ്. അവിടെ നിന്ന് നോക്കിയാല്‍ ഡല്‍ഹി എന്ന മഹാ നഗരത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിക്കുമെന്ന് സി. ചന്ദ്രന്‍ പറഞ്ഞു.

ജനറല്‍ സെക്രട്ടറി എസ്. ഉണ്ണികൃഷ്ണന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ അഡീഷണല്‍ ജനറല്‍ സെക്രട്ടറി പി. രവീന്ദ്രന്‍, ട്രഷറാര്‍ എന്‍.സി ഷാജി എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് വരണാധികാരിയായി കമ്മിറ്റി തീരുമാനിച്ച അഡ്വ. കെ.വി ഗോപിയുടെ നേതൃത്വത്തില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു.

പ്രസിഡന്റായി എ.ടി സൈനുദ്ദീന്‍ എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി ജി. ശിവശങ്കരന്‍, സി. കേശവന്‍കുട്ടി, ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍, അഡീഷണല്‍ ജനറല്‍ സെക്രട്ടറി എന്‍.സി ഷാജി, ട്രഷറാര്‍ പി. രവീന്ദ്രന്‍, ജോയിന്റ് ട്രഷറാര്‍ എ. മുരളീധരന്‍, ഇന്റേണല്‍ ഓഡിറ്റര്‍ സി.ബി മോഹനന്‍, ജോയിന്റ് ഇന്റേണല്‍ ഓഡിറ്റര്‍ വി. മുരളി മേനോന്‍ എന്നിവരും നിര്‍വാഹക സമിതിയിലേക്ക് ഷാജി ജെ. നായര്‍, സന്തോഷ് കുമാര്‍, പി.എന്‍ ഷാജി, ഡോ. വി. ഇസ്മായില്‍, പി.എന്‍.ആര്‍ കുറുപ്പ്, ഓമന ഷാജി, ജോസ് സെബാസ്റ്യന്‍, മാത്യു ചെറിയാന്‍, ജോണി തോമസ് എന്നിവരെയും നിര്‍വാഹക സമിതിയിലെ വനിതാ സംവരണ സ്ഥാനത്തേക്ക് വിനോദിനി ഹരിദാസ്, അംബികാ സുകുമാരന്‍, സുജാ രാജേന്ദ്രന്‍ എക്സ് ഒഫീഷ്യോ എസ്. ഉണ്ണികൃഷ്ണന്‍ എന്നിവരേയും തെരഞ്ഞടുത്തു.

ഡല്‍ഹി മലയാളി അസോസിയേഷന്റെ 26 ശാഖകളില്‍ നിന്നും 20 അംഗങ്ങള്‍ക്ക് ഒരു ജനറല്‍ കൌണ്‍സില്‍ അംഗം എന്ന അനുപാതത്തില്‍ ശാഖാ കമ്മിറ്റികള്‍ നിയോഗിക്കുന്ന അംഗങ്ങള്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. പൊതുയോഗത്തിനുശേഷം ഒന്നു മുതല്‍ ആറു വരെയായിരുന്നു വോട്ടു രേഖപ്പെടുത്തുന്നതിനുള്ള സമയപരിധി.