കണ്ണൂര്‍ സ്വദേശി കുവൈറ്റില്‍ കടലില്‍ മുങ്ങിമരിച്ചു
Tuesday, March 25, 2014 6:59 AM IST
കുവൈറ്റ്: കണ്ണൂര്‍ പഴയങ്ങാടി മുട്ടം സ്വദേശി കടലില്‍ മുങ്ങിമരിച്ചു. ഫഹാഹീലില്‍ വ്യാപാരിയായിരുന്ന എസ്.എ.പി. അന്‍വര്‍ (53) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ഓടെ ഫഹാഹീല്‍ ഭാഗത്ത് കടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ അന്‍വര്‍ മുങ്ങിമരിക്കുകയായിരുന്നു.

പരേതനായ പി.ഒ.പി. അബ്ദുള്ള ഹാജിയുടെയും എസ്.എ.പി. സഫിയയുടെയും മകനാണ്. ഭാര്യ: ടി.എം.സി ഫാത്തിബി പടന്ന. മക്കള്‍: ഫര്‍ഹാന്‍, ഫഹ്മി, ഫലാഹ്.

സഹോദരങ്ങള്‍: എസ്.എ.പി ഹാഷിം, എസ്.എ.പി അബ്ദുസലാം, എസ്.എ.പി അബ്ദുറഷീദ്, എസ്.എ.പി. ആസാദ് (ഇരുവരും കുവൈറ്റ്), ആമിന, സുബൈദ, ഫൌസിയ.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള നടപടികള്‍ കെഐജിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

'പൊലിഞ്ഞത് ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ നിശബ്ദ സാന്നിധ്യം'

കുവൈറ്റ്: സാമൂഹിക, ജവീകാരുണ്യ രംഗത്ത് നിറസാന്നിധ്യമായിരുന്ന നിശബ്ദ പ്രവര്‍ത്തകനെയാണ് എസ്.എ.പി. അന്‍വറിന്റെ അകാല നിര്യാണത്തിലൂടെ കുവൈറ്റിലെ മലയാളി സമൂഹത്തിന് നഷ്ടമായത്. പ്രവാസത്തിന്റെ പ്രയാസമനുഭവിക്കുന്നവര്‍ക്ക് ഏതുസമയവും സഹായഭ്യര്‍ഥനയുമായി സമീപിക്കാവുന്ന വ്യക്തിത്വമായിരുന്നു എല്ലാവരോടും വിനയത്തോടെ മാത്രം ഇടപ്പെട്ടിരുന്ന ഈ കണ്ണൂരുകാരന്‍.

വ്യാപാര മേഖലയിലെ സാന്നിധ്യം മൂലം തന്റെ പ്രവര്‍ത്തനകേന്ദ്രമായ ഫഹാഹീലിലെ സാമൂഹിക, ജീവകാരുണ്യ രംഗത്തെ സജീവസാന്നിധ്യമായിരുന്നു അന്‍വര്‍. മത,സംഘടനാ വ്യത്യാസമില്ലാതെ ആര്‍ക്കും എപ്പോഴും എന്ത് സഹായവും ചെയ്തുകൊടുക്കാന്‍ ഒരുക്കമായിരുന്ന അദ്ദേഹം ഒരിക്കലും ദേഷ്യപ്പെടുകയോ അനിഷ്ടം കാണിക്കുകയോ ചെയ്യാറുണ്ടായിരുന്നില്ലെന്ന് ഫഹാഹീലിലെ ദാഹുസലാമില്‍ അദ്ദേഹത്തോടു കൂടെ താമസിക്കുന്നവര്‍ ഓര്‍ക്കുന്നു.

രോഗികള്‍ക്കും കടബാധിതര്‍ക്കുമെല്ലാം വിവിധ തരത്തിലുള്ള സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ അദ്ദേഹം ശുഷ്കാന്തി കാണിച്ചിരുന്നു. അദാന്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുമായും നഴ്സുമാരുമായും അടുത്തബന്ധം കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹം പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് അവിടെനിന്ന് ഏതുസമയത്തും സഹായങ്ങള്‍ ലഭ്യമാക്കിക്കൊടുക്കാന്‍ മുന്‍കൈയെടുത്തു.

പ്രവാസികളുടെ ഭാഷാപരമായ പ്രയാസങ്ങള്‍ കണക്കിലെടുത്ത് കുവൈറ്റികളുമായി സംസാരിച്ച് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തന്റെ സ്വദേശികളുമായുള്ള ബന്ധവും അടുപ്പവും ഉപയോഗപ്പെടുത്താന്‍ അന്‍വര്‍ എപ്പോഴും ഒരുക്കമായിരുന്നു. സാമൂഹിക, ജീവകാരുണ്യ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളായിരുന്നു അന്‍വര്‍ എന്ന് ഏറെക്കാലം ഒരുമിച്ച് താമസിക്കുകയും വര്‍ഷങ്ങളായി വിവിധ മേഖലകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്ത പി.കെ. ജമാല്‍ അനുസ്മരിച്ചു. ബഹളങ്ങളില്ലാത്ത അദ്ദേഹത്തിന്റെ പ്രവര്‍ത്തനരീതി പ്രയാസപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നതില്‍ മാത്രം കേന്ദ്രീകരിച്ചായിരുന്നുവെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

1982ല്‍ കുവൈറ്റിലത്തിെയ അന്‍വര്‍ ഫഹാഹീല്‍ കേന്ദ്രീകരിച്ചാണ് വ്യാപാരത്തിലേര്‍പ്പെട്ടിരുന്നത്. കണ്ണൂര്‍ പഴയങ്ങാടി മുട്ടത്തെ പ്രമുഖ കുടുംബത്തില്‍ ജനിച്ച അദ്ദേഹം കുറ്റ്യാടി ഇസ്ലാമിയ കോളജില്‍നിന്ന് ബിരുദം നേടിയശേഷം ഷാര്‍ജ മഅ്ഹദുദീനിയില്‍ ഉപരിപഠനവും കഴിഞ്ഞാണ് കുവൈറ്റിലത്തുെന്നത്. പടന്ന ഇസ്ലാമിക് ട്രസ്റ്, വാദിഹുദ ഇസ്ലാമിക് എഡ്യൂക്കേഷന്‍ ട്രസ്റ് എന്നിവയുടെ കുവൈറ്റിലെ പ്രതിനിധിയായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍