മോര്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ ബാവയുടെ വേര്‍പാടില്‍ അനുശോചിച്ചു
Tuesday, March 25, 2014 6:57 AM IST
മെല്‍ബണ്‍: ജര്‍മിനിയില്‍ കാലം ചെയ്ത ആഗോള സുറിയാനി സഭാ തലവന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഐവാസ് സഖാ പ്രഥമന്‍ ബാവായുടെ ആകസ്മിക വേര്‍പാടില്‍ മെല്‍ബണ്‍ സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗങ്ങള്‍ അനുശോചിച്ചു.

വി. കുര്‍ബാനാനന്തരം പള്ളിയകത്തു ചേര്‍ന്ന അനുശോചന സമ്മേളനത്തില്‍ പള്ളിയെ പ്രതിനിധീകരിച്ച് വികാരി ഫാ തോമസ് മാത്യുവും സെക്രട്ടറി ജോണി വര്‍ക്ഷീസും ബാവ നമ്മുടെ പള്ളിക്കു നല്‍കിയ കൈത്താങ്ങലിനെ അനുസ്മരിച്ച് പ്രസംഗിച്ചു. കൂടാതെ യോഗത്തില്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. തുടര്‍ന്ന് പ്രത്യേക ധൂപ പ്രാര്‍ഥനയും നടത്തി.

മലങ്കര സുറിയാനി സഭയെ അതിരറ്റു സ്നേഹിച്ച ബാവാ തിരുമേനി മലങ്കര സഭയുടെ വളര്‍ച്ചയ്ക്ക് ചെയ്ത സംഭാവനകള്‍ വളരെ വിലയേറിയതാണ്. മലങ്കര സഭയോടുള്ള വാത്സല്യത്തെപ്രതി വാര്‍ധക്യത്തെ അവഗണിച്ചുപോലും മലങ്കര സഭയുടെ ക്ഷണം സ്വീകരിച്ചു നിരവധി പ്രാവശ്യം മലങ്കരയില്‍ എഴുന്നള്ളി വന്നിട്ടുണ്ട്. എന്നും സമാധാന പ്രിയനായി ജീവിച്ച തിരുമേനി ലോക സഭാ കൌണ്‍സില്‍ പ്രസിഡന്റ് ആയിരുന്നു. മറ്റു സഭകളുമായി നല്ല രീതിയിലുള്ള ബന്ധം നിലനിര്‍ത്തുന്നതിന് വളരെ ബദ്ധശ്രദ്ധാലുവായിരുന്ന തിരുമേനിയുടെ വ്യക്തി ബന്ധങ്ങള്‍ സുറിയാനി സഭയുടെ വളര്‍ച്ചയ്ക്ക് ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് ഓസ്ട്രേലിയയിലും ന്യൂസിലാന്‍ഡിലും വളരെ സഹായകമായിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോണി വര്‍ഗീസ്