'അഹമ്മദ് സാഹിബില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു'
Monday, March 24, 2014 8:19 AM IST
ജിദ്ദ: ഭരണഘടനാ നിര്‍മാണ സഭയിലും സ്വതന്ത്ര ഇന്ത്യ പിന്നിട്ട പതിനഞ്ചു പാര്‍ലമെന്റുകളിലും ഇന്ത്യയിലെ ഉത്തരവാദപ്പെട്ട ന്യൂനപക്ഷ രാഷ്ട്രീയ സംഘടന എന്ന നിലയില്‍ മുസ്ലിംലീഗ് അതിന്റെ ചിരിത്രനിയോഗം എന്നും നിറവേറ്റിയിട്ടുണ്െടന്ന് മുസ്ലിംയൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് നൌഷാദ് മണ്ണിശേരി.

ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ദേശീയ രാഷ്ട്രീയത്തിലെ അധികായന്മാര്‍ ഒത്തുചേരുന്ന ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് ന്യൂനപക്ഷ അവകാശത്തിന് വേണ്ടി ശബ്ദിക്കാന്‍ പ്രതിഭയും പ്രാഗത്ഭരുമായ യുഗപ്രഭാവന്മാരെയാണ് എന്നും മുസ്ലിം ലീഗ് തെരഞ്ഞെടുത്തിട്ടുള്ളത്.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലും മാനവശേഷിവികസന മന്ത്രാലയത്തിലും ഇന്ത്യന്‍ റെയില്‍വേ മന്ത്രാലയത്തിന്റെയും അധിപനായി നിവേദനം നടത്താന്‍ മാത്രമല്ല ഭരിക്കാനും കല്‍പ്പിക്കാനും നടപ്പിലാക്കാനും ന്യൂനപക്ഷക്കാരന് അവകാശമുണ്െടന്ന് തെളിയിച്ച ഇ.അഹമ്മദ് സാഹിബിന്റെ പേരില്‍ അഭിമാനം കൊള്ളുന്നതായി നൌഷാദ് പറഞ്ഞു.

അഹമ്മദ് സാഹിബിനേയും ഇ.ടി.മുഹമ്മദ് ബഷീറിനേയും വന്‍ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കാന്‍ പ്രവാസികള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.

ശറഫിയ ഇമ്പാല വില്ലയില്‍ പ്രസിഡന്റ് വി.പി.മുസ്തഫയുടെ അധ്യക്ഷതയില്‍ നടന്ന കണ്‍വന്‍ഷന്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി.മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ ജനറല്‍സെക്രട്ടറി ഉസ്മാന്‍ താമരത്ത്, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ ഹക്കീം പാറക്കല്‍, സി.എം.അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. സയിദ് സഹല്‍ തങ്ങള്‍ പ്രാര്‍ഥന നടത്തി. നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍, മണ്ഡലം പഞ്ചായത്ത് ഏരിയ ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ലത്തീഫ് മുസ്ളിയാരങ്ങാടി സ്വാഗതവും സെക്രട്ടറി ലത്തീഫ് ചാപ്പനങ്ങാടി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍