സൌജന്യ സ്തനാര്‍ബുദ പരിശോധനാ ക്യാമ്പ് ബോധവത്കരണ ക്ളാസും
Monday, March 24, 2014 8:18 AM IST
റിയാദ്: റിയാദ് കെഎംസിസി വനിതാവിംഗ് ന്യൂ സഫാമക്ക പോളിക്ളിനിക്കിന്റെ സഹകരണത്തോടെ സൌജന്യ സ്തനാര്‍ബുദ പരിശോധനാ ക്യാമ്പും ബോധവത്കരണ ക്ളാസും സംഘടിപ്പിക്കുന്നു. കാന്‍സര്‍ മൂലം സംഭവിക്കുന്ന സ്ത്രീമരണങ്ങളില്‍ രണ്ടാംസ്ഥാനമാണ് സ്തനാര്‍ബുദത്തിനുള്ളത്. മുന്‍കാലങ്ങളില്‍ താരതമ്യേന മധ്യവയസിനു മുകളില്‍ പ്രായമുള്ള വരെ ബാധിച്ചിരുന്ന ഈ മാരകരോഗം ചെറുപ്രായക്കാരിലും കണ്ടുവരുന്നത് ആശങ്കയുണര്‍ത്തുന്ന വസ്തുതയാണ്.

വളരെ ലളിതമായ ബാഹ്യപരിശോധനയിലൂടെ ഈ രോഗബാധ പ്രാരംഭദശയില്‍ തന്നെ കണ്െടത്താവുന്നതാണെന്നാണ് ഡോക്ടര്‍മാരുടെ വിദഗ്ദാഭിപ്രായം. നേരത്തെ തന്നെ രോഗബാധ തിരിച്ചറിഞ്ഞാല്‍ പൂര്‍ണമായും ഫലപ്രദമായ ചികിത്സാരീതികളും ഇപ്പോള്‍ ലഭ്യമാണ്. രോഗനിര്‍ണയം വൈകും തോറും ചികിത്സ ദുഷ്കരവും ചെലവേറിയതും ഫലപ്രാപ്തി പ്രവചനാതീതവും ആയിമാറുന്നു.

രോഗം ശരീരത്തിലെ മറ്റു അവയവങ്ങളിലേക്ക് പടരുന്നതുമൂലമുള്ള ശാരീരികവും മാനസികവുമായ അവശത, ശസ്ത്രക്രിയക്കുശേഷമുള്ള അംഗവൈകല്യം, റേഡിയേഷന്‍ ചികിത്സയെ തുടര്‍ന്നുണ്ടാകുന്ന ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഇവയെല്ലാം ജീവിതത്തെ ദുസഹമാക്കുന്നു.

സ്തനാര്‍ബുദത്തിനുള്ള സാധ്യത നേരത്തെ സ്വയം പരിശോധനയിലൂടെ തിരിച്ചറിയാനുള്ള ബോധവത്കരണവും സംശയനിവൃത്തിക്കായി അള്‍ട്രാ സൌണ്ട് സ്കാനിംഗ് അടക്കമുള്ള വൈദ്യ പരിശോധനയും ഉള്‍പ്പെടുത്തിക്കൊണ്ട് കെഎംസിസി വനിതാവിംഗ് ന്യൂ സഫാമക്ക പോളിക്ളിനിക്കിന്റെ സഹകരണത്തോടെ സൌജന്യ സ്തനാര്‍ബുദ പരിശോധനാ ക്യാമ്പും ബോധവത്കരണ ക്ളാസും സംഘടിപ്പിക്കുന്നത്.

മാര്‍ച്ച് 27ന് (വ്യാഴം) രാവിലെ ഏഴു മുതല്‍ ഉച്ചക്ക് 12 വരെയാണ് ക്യാമ്പിന്റെ സമയം. ന്യൂ സഫാമക്ക പോളിക്ളിനിക്കിലെ ഡോക്ടര്‍മാരായ ഡോ. ജൂലിയ ഫാത്തിമ, ഡോ. ഷേര്‍ളി കുര്യന്‍, ഡോ. ഖമറുന്നീസ, ഡോ. സുലാ ജോസ് എന്നിവരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്.

ക്യാമ്പിലും ബോധവത്കരണ ക്ളാസിലും പങ്കെടുക്കാന്‍ താല്‍പര്യമുള്ള വനിതകള്‍ വ്യാഴാഴ്ചക്കു മുമ്പായി 0534 956 285, 0596 955 682 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് കെഎംസിസി വനിതാവിംഗ് പ്രസിഡന്റ് നദീറാ ഷംസുദ്ദീന്‍ ജനറല്‍ സെക്രട്ടറി സുബു അബ്ദുള്‍ സലാം എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍