മഞ്ചേരി വെല്‍ഫെയര്‍ അസോസിയേഷന്റെ സഹായത്താല്‍ മുഹമ്മദ് റാഫി നാടണഞ്ഞു
Monday, March 24, 2014 7:35 AM IST
റിയാദ്: ഏറെ പ്രതീക്ഷകളുമായി പ്രവാസജീവിതം തുടങ്ങിയ മുഹമ്മദ് റാഫിക്ക് മൂന്നു മാസം കൊണ്ട് എല്ലാം മതിയാക്കി നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. കുടുംബത്തിന്റെ പ്രാരാബ്ദം കാരണമാണ് നാട്ടില്‍ ഡ്രൈവറായി ജോലി നോക്കിയിരുന്ന മഞ്ചേരി മേലാക്കം സ്വദേശി മുഹമ്മദ് റാഫി റിയാദിലെ വാദി ലബനില്‍ ഒരു സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി എത്തിയത്. എത്തിയ നാള്‍ മുതല്‍ നിരന്തരം ഉപദ്രവമായിരുന്നു സ്പോണ്‍സറില്‍ നിന്നും. സ്പോണ്‍സറില്‍ നിന്നും എങ്ങനെയും രക്ഷപ്പെട്ടാല്‍ മതിയെന്നായ റാഫി മഞ്ചേരി വെല്‍ഫെയര്‍ അസോസിയേഷന്റെ സഹായം തേടുകയായിരുന്നു. സ്പോണ്‍സറും മക്കളും ഉപദ്രവിക്കുന്നത് പതിവാക്കിയതിനാല്‍ ജോലി നിര്‍ത്തി വീട്ടില്‍ നിന്നും രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയ റാഫിയുടെ പാസ്പോര്‍ട്ട് അന്നേ ദിവസം തന്നെ സ്പോണ്‍സര്‍ ഹുറൂബ് ആക്കുകയായിരുന്നു.

വിഷയത്തില്‍ കെഎംസിസി ജീവകാരുണ്യ പ്രവര്‍ത്തകനായ നൂറുദ്ദീന്‍ കൊട്ടിയവും മഞ്ചേരി വെല്‍ഫെയര്‍ അസോസിയേഷനും നടത്തിയ ഇടപെടല്‍ അവസാനം ഫലം കണ്ടു. ഗവര്‍ണറേറ്റില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് സ്പോണ്‍സറെ വാദി ലബന്‍ പോലീസിലേക്ക് വിളിച്ചു വരുത്തുകയും ഉടനെ എക്സിറ്റ് അടിച്ച് മുഹമ്മദ് റാഫിയെ നാട്ടിലയക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു എന്ന് നൂറുദ്ദീന്‍ കൊട്ടിയം പറഞ്ഞു. റാഫിക്ക് തിരിച്ച് പോകാനുള്ള ടിക്കറ്റും മറ്റു ചെലവുകളും മഞ്ചേരി വെല്‍ഫെയര്‍ അസോസിയേഷനാണ് വഹിച്ചത്. എക്സിറ്റ് അടിച്ച പാസ്പോര്‍ട്ട് സ്പോണ്‍സര്‍ പോലീസ് സ്റേഷനില്‍ ഹാജിരാക്കിയതോടെ കഴിഞ്ഞ ദിവസം മുഹമ്മദ് റാഫി നാട്ടിലേക്ക് മടങ്ങി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍