കേരള സാഹിത്യ അക്കാഡമിയും റിയാദ് ഇന്ത്യന്‍ മീഡിയാഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന സാഹിത്യ ശില്‍പശാല ഏപ്രില്‍ 18 ന്
Monday, March 24, 2014 7:30 AM IST
റിയാദ്: സ്വന്തം ദേശത്തിന്റെ നാലതിരുകള്‍ക്കപ്പുറം കടല്‍ കടന്നെത്തിയ മലയാളി ഗൃഹാതുരതയോടെ സ്വന്തം ജന്മനാട്ടിലേക്ക് തിരിഞ്ഞു നോക്കും. അന്യനാട്ടിലാണെങ്കിലും മനസുകൊണ്ട് എപ്പോഴും സ്വദേശത്താണ് പ്രവാസി. പ്രവാസിയുടെ അനുഭവങ്ങള്‍, കേരളീയകലകളിലും സാഹിത്യത്തിലും സംസ്കാരത്തിലും പ്രതിഫലിച്ചിട്ടുണ്ട്. മലയാളസാഹിത്യത്തില്‍ പ്രവാസമുദ്രകള്‍ തെളിഞ്ഞും നിറം മങ്ങിയുമെല്ലാം പതിഞ്ഞു കിടക്കുന്നു. പ്രവാസിയുടെ സാമ്പത്തിക മൂലധനം മാത്രമല്ല സാംസ്കാരിക ജാഗ്രത കൂടി ആധുനിക കേരളത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. സാംസ്കാരികമായ അത്തരമൊരു ആദായപ്രദാന പ്രക്രിയയുടെ ഭാഗമായി കേരള സാഹിത്യ അക്കാഡമി ഗള്‍ഫിലെ വിവിധ രാജ്യങ്ങളിലെ മലയാളി സമൂഹങ്ങളില്‍ സാഹിത്യ ശില്‍പ്പശാലകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. സാഹിത്യ അക്കാഡമി പ്രവാസികളിലേക്ക് എന്ന തലക്കെട്ടില്‍ ഇക്കഴിഞ്ഞ മാസം ഇന്ത്യയില്‍ മുംബൈ, പൂനെ, ബാംഗളൂര്‍ തുടങ്ങിയ നഗരങ്ങളില്‍ സമാനമായ ശില്‍പ്പശാലകള്‍ അക്കാഡമി നടത്തിയിരുന്നു. ഗള്‍ഫ് മേഖലയില്‍ ആദ്യത്തെ ശില്‍പ്പശാല സൌദി അറേബ്യയിലെ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളില്‍ നടക്കുന്നു.

റിയാദില്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. ഏപ്രില്‍ 18 ന് റിയാദില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ പ്രഗത്ഭ സാഹിത്യകാരന്‍മാരും അക്കാഡമി ഭാരവാഹികളും പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്റെ നേത്യത്തിലെത്തുന്നു. പെരുമ്പടവത്തോടൊപ്പം എം. മുകുന്ദന്‍, സേതു, അക്ബര്‍ കക്കട്ടില്‍ എന്നിവരാണ് സൌദി സന്ദര്‍ശനത്തിനെത്തുന്നത്.

റിയാദ്, ജിദ്ദാ, ദമാം എന്നിവിടങ്ങളിലായി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പര്യടന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

16 ന് വൈകുന്നേരമാണ് സംഘം റിയാദിലെത്തുക. 17 ന് റിയാദിലെ സാംസ്കാരിക കേന്ദ്രങ്ങളും ഇന്ത്യന്‍ എംബസിയും സന്ദര്‍ശിക്കും. 18 ന് ഏകദിന സാഹിത്യക്യാമ്പ് നടക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി രണ്ട് വേദികളിലായിട്ടായിരിക്കും ക്യാമ്പ് നടക്കുക. റിയാദിലേയും പരിസരങ്ങളിലേയും സാഹിത്യ തല്‍പ്പരരായ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ക്യാമ്പ് രാവിലെ മുതല്‍ ഉച്ച വരെയാണ്.

മുതിര്‍ന്നവര്‍ക്കുള്ള ക്യാമ്പ് രാവിലെ ആരംഭിച്ച് വൈകുന്നേരം സമാപിക്കും. ശില്‍പ്പശാലയില്‍ മുന്‍കൂട്ടി രജിസ്റര്‍ ചെയ്ത മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമാണ് പ്രവേശനം. വൈകീട്ട് സമാപനത്തോടനുബന്ധിച്ച് റിയാദിലെ മലയാളി സമൂഹത്തെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ സാംസ്കാരിക സമ്മേളനം നടക്കും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍