സൌദിയില്‍ ഗവ. ആശുപത്രികളുടേയും ഡിസ്പെന്‍സറികളുടേയും ഒപി സമയം വര്‍ധിപ്പിച്ചു
Monday, March 24, 2014 7:30 AM IST
റിയാദ്: സൌദിയിലെ ഗവ. ആശുപത്രികളുടേയും ഡിസ്പന്‍സറികളുടേയും ഔട്ട് പേഷ്യന്റ് വിഭാഗം വൈകുന്നേരവും പ്രവര്‍ത്തിക്കുന്നതിന് സൌദി ആരോഗ്യ മന്ത്രി ഡോ. അബ്ദുള്ള അബ്ദുള്‍ അസീസ് അല് റബീഅ അംഗീകാരം നല്‍കി. സൌദിയിലെ രോഗികള്‍ക്ക് മികച്ച സേവനം നല്‍കുക എന്ന ലക്ഷ്യവുമായാണ് സൌദിയിലെ ഗവണ്‍മെന്റിന് കീഴിലുള്ള ആശുപത്രികളും ഡിസ്പന്‍സറികളുടെയും പ്രവര്‍ത്തനം രണ്ടു നേരമാക്കി മാറ്റുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

സൌദിയിലെ ഗവ ആശുപത്രികളുടെ സമയം രണ്ടു നേരമാക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നതായി സൌദി ആരോഗ്യ മന്ത്രി വ്യക്തമാക്കി.

വ്യക്തമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രികളുടെ ജോലി സമയം രണ്ടു നേരമാക്കാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ആശുപത്രികളിലെ ഔട്ട് പേഷ്യന്റ് വിഭാഗം വൈകുന്നേരങ്ങളിലും പ്രവര്‍ത്തിക്കുന്നതോടെ ജനങ്ങള്‍ക്ക് കുടുതല്‍ സൌകര്യമാവുമെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

രാവിലെ 7.30 മുതല്‍ 12.30 വരേയും വൈകുന്നേരം അഞ്ചു മുതല്‍ 9.30 വരേയുമാണ് പ്രവര്‍ത്തന സമയം. ഇപ്രകാരം ദിവസത്തില്‍ ഒമ്പതര മണിക്കൂറും വ്യാഴാഴ്ച ഒമ്പതു വരേയായരിക്കും.

വരുന്ന ശഅ്ബാന് ഒന്നു മുതല്‍ (മേയ് 31 ) പുതിയ സമയ മാറ്റം നിലവില്‍ വരിക. സൌദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ ഉത്തരവുപ്രകാരം വെള്ളി, ശനി ദിവസങ്ങള്‍ അവധിയായിരിക്കും.

സൌദി കണ്‍സള്‍ട്ടിംഗ് ഡോക്ടര്‍മാര്‍ക്ക് ഇളവുണ്ടായിരിക്കും ഇവര്‍ക്ക് ദിവസം എട്ടു മണിക്കുറായിരിക്കും ജോലിസമയം അധവാ മാസത്തില്‍ 176 മണിക്കുര്‍. ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ എട്ടു മുതല്‍ ഉച്ചക്ക് 12 വരേയും വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതു വരേയുമാണ് ഇവരുടെ ജോലി സമയം. മാസത്തില്‍ 10 മണിക്കുറില്‍ കൂടാത്ത സമയം ആവശ്യം വരുകയാണങ്കില്‍ ജോലിക്ക് സന്നദ്ധരായി സൌദി കണ്‍സള്‍ട്ടിംഗ് ഡോക്ടര്‍മാരുണ്ടാവണമെന്ന് നിര്‍ദേശമുണ്ട്. ആശുപത്രികളിലെ അത്യാഹിത വിഭാഗം 24 മണിക്കുറും പ്രവര്‍ത്തിക്കണം. ഇതനുസരിച്ച് ഡ്യൂട്ടി ഷെഡ്യൂള്‍ ക്രമീകരിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

ജനവാസ മേഘലകളിലും തെരക്കേറിയ പട്ടണങ്ങളിലും രാത്രി 10.30 വരെ ജോലി സമയം നീട്ടുന്നതിന് അതാത് മേഘലകളിലെ ആരോഗ്യ കാര്യാലയ മേധാവികള്‍ക്ക് അധികാരമുണ്ടായിരിക്കും എന്നാല്‍ മാസം ആകെയുള്ള മണിക്കുറുകളില്‍ വ്യത്യാസം വരുത്താന്‍ പാടില്ല.

ഡിസ്പന്‍സറികളും രണ്ടുനേരം പ്രവര്‍ത്തിക്കണമെന്ന് വ്യവസ്ഥയുണ്ടങ്കിലും ഒരു നേരമാക്കി ക്രമീകരിക്കുന്നതിന് ആരോഗ്യ കാര്യാലയ മേധാവിമാര്‍ക്ക് അധികാരമുണ്ടായിരിക്കും ഇതനുസരിച്ച് രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചുവരെ പ്രവര്‍ത്തിക്കാവുന്നതാണ്.

മാസത്തില്‍ 208 മണിക്കൂര്‍ ജോലി സമയം കണക്കാക്കി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അതത് മേഖലാ ആരോഗ്യമേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വലിയ ആശുപത്രികളിലേക്ക് ഡിസ്പന്‍സറികളില്‍നിന്നും റഫറല്‍ ആവശ്യമായതിനാല്‍ ആശുപത്രികളുടെ സമയമനുസരിച്ചായിരിക്കും മിക്ക ഡിസ്പന്‍സറികളും പ്രവര്‍ത്തിക്കുക. ഗവ. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വദേശികളുടേയും വിദേശികളുടേയും മാസത്തില്‍ കണക്കാക്കുന്ന മണിക്കൂറുകളില്‍ വ്യത്യാസമുണ്ടാവില്ല.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം