സമൃദ്ധിയുടെ നടുവില്‍ ആത്മീയ കാര്യങ്ങള്‍ അവഗണിക്കരുത്: ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍
Monday, March 24, 2014 7:25 AM IST
പെര്‍ത്ത്: പെര്‍ത്തിലെ മലയാളി കത്തോലിക്കാ സഭാവിശ്വാസികള്‍ക്ക് ആത്മീയ അഭിഷേകത്തിന്റെ അഗ്നി വര്‍ഷിച്ച് പെര്‍ത്ത് അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ 2014 സമാപിച്ചു.

മാഡിംഗ്ടണ്‍ ഹോളിഫാമിലി ദേവാലയത്തില്‍ നടന്ന കണ്‍വന്‍ഷനില്‍ സുപ്രസിദ്ധ വചന പ്രഘോഷകനും അഭിഷേകാഗ്നി ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെ ജനലക്ഷങ്ങളെ ദൈവാനുഭവത്തിലേക്ക് നയിക്കുന്ന ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും സെഹിയോന്‍ ടീം അംഗം ഫാ. സാജു ഇലഞ്ഞിക്കലും നേതൃത്വം നല്‍കി.

എല്ലാ രംഗത്തും തികഞ്ഞ സമൃദ്ധിയുണ്ടാകുമ്പോള്‍ ആത്മീയകാര്യങ്ങളില്‍ താത്പര്യം കുറയുന്നത് വലിയ ആപത്ത് ക്ഷണിച്ചുവരുത്തുമെന്ന് ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ വിശ്വാസികളെ ഓര്‍മിപ്പിച്ചു. വിദേശരാജ്യങ്ങളില്‍ കുടിയേറിയിട്ടുള്ള മലയാളി സമൂഹം ഇന്ന് അനുഭവിക്കുന്ന സാമ്പത്തിക സമൃദ്ധി ദൈവീകകാര്യങ്ങളില്‍നിന്നുള്ള അകല്‍ച്ചയ്ക്ക് കാരണമാകരുത്. മനുഷ്യന്റെ ഓരോ പ്രവര്‍ത്തിയും ദൈവത്തെ മഹത്വപ്പെടുത്താന്‍ ലക്ഷ്യമിട്ടായിരിക്കണമെന്നും ഫാ. വട്ടായില്‍ ഓര്‍മിപ്പിച്ചു.

നമ്മെ അനുഗ്രഹിച്ച് ഉയര്‍ത്തിയിരിക്കുന്ന ദൈവത്തെ ജീവിതംകൊണ്ട് മഹത്വപ്പെടുത്തണം. മനുഷ്യന്റെ പ്രവര്‍ത്തികളില്‍ മഹത്വപ്പെടാന്‍ വേണ്ടിയാണ് അവിടുന്ന് മനുഷ്യന് കഴിവുകള്‍ നല്‍കിയിരിക്കുന്നത്. വഴിതിരിഞ്ഞുള്ള ജീവിത ശൈലി വലിയ തകര്‍ച്ചയ്ക്കും പരാജയത്തിനും കാരണമാകും.

മാര്‍ച്ച് 16 മുതല്‍ 19 വരെ നടന്ന ധ്യാനത്തില്‍ പങ്കെടുക്കാന്‍ പെര്‍ത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസി സമൂഹം മാഡിംഗ്ടണില്‍ ഒത്തുചേര്‍ന്നു. ധ്യാനത്തില്‍ പെങ്കെടുക്കാന്‍ കാണിച്ച ധീരത വലിയ വിശ്വാസ പ്രഖ്യാപനമായി കാണുന്നുവെന്ന് പെര്‍ത്ത് മലയാളി കത്തോലിക്കാ സമൂഹത്തിന്റെ ആത്മീയ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന ഫാ. വര്‍ഗീസ് പാറയ്ക്കല്‍ വിസി അഭിപ്രായപ്പെട്ടു. ഫാ. റോജന്‍, ഫാ. സാബു, ഫാ. തോമസ് തുടങ്ങിയവര്‍ വിവിധ ശുശ്രൂകളില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: പ്രകാശ് ജോസഫ്