നവോഥാന ഉപാധികളായിരുന്ന മാധ്യമങ്ങള്‍ ഇന്ന് നുണപ്രചാരകര്‍: എന്‍. മാധവന്‍കുട്ടി
Monday, March 24, 2014 7:24 AM IST
കുവൈറ്റ്: ലിബറല്‍ ജനാധിപത്യത്തിന്റെ ഭാഗമായിട്ടാണ് ലോകത്ത് മാധ്യമങ്ങള്‍ പിറവിയെടുത്തതെന്നും ഒരു കാലത്ത് നവോഥാന ഉപാധിയായി നിന്ന മാധ്യമങ്ങളെ ഇന്നു നയിക്കുന്നത് വര്‍ഗീയ കക്ഷികളുടെയും വന്‍കിട കോര്‍പറേറ്റുകളുടെയും താല്‍പര്യങ്ങളാണെന്നും പ്രശസ്ത പത്രപ്രവര്‍ത്തകന്‍ എന്‍.മാധവന്‍കുട്ടി പറഞ്ഞു. കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ കല കുവൈറ്റ് സംഘടിപ്പിച്ച ഇഎംഎസ്, എകെജി പൌലോസ് മാര്‍ പൌലോസ് അനുസ്മരണത്തില്‍ 'തെരെഞ്ഞെടുപ്പും മാധ്യമങ്ങളും' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കൊളോണിയല്‍ വിരുദ്ധ സമരങ്ങളുടെ വാര്‍ത്ത ജനങ്ങളിലേക്ക് എത്തിക്കാന്‍ ഇന്ത്യയില്‍ പത്രങ്ങള്‍ വഹിച്ച പങ്ക് വലുതാണ്. ജന മുന്നേറ്റത്തിന്റെ പ്രതീകങ്ങളായി പത്രങ്ങള്‍ നിലകൊണ്ടു. രാജ്യം സ്വതന്ത്രമായതോടെ സ്ഥിതി മാറി. ആദ്യത്തെ കമ്യൂണിസ്റ് മന്ത്രിസഭയെ അട്ടിമറിക്കാന്‍ കുല്‍സിതമായ നുണകള്‍ നിരത്തി മാധ്യമങ്ങള്‍ അവയുടെ ചായ്വ് ജനത്തോടല്ല പണത്തോടാണെന്ന് തെളിയിച്ചു. പണം വാങ്ങിയുള്ള നുണപ്രചാരണം ഇന്ന് കൂടുതല്‍ വ്യാപകമായിക്കഴിഞ്ഞിരിക്കുന്നു. മാധവന്‍ കുട്ടി പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷ വിജയത്തിന്റെ സാധ്യതകളെ വളരെ ബോധപൂര്‍വം ജനങ്ങളില്‍ നിന്നും മറച്ചുവയ്ക്കാനുള്ള ശ്രമങ്ങളാണ് മിക്കാവാറും മാധ്യമങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞുവച്ചു.

കല കുവൈറ്റ് പ്രസിഡന്റ് ജെ.സജിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ദിലിന്‍ നാരായണന്‍ അനുസ്മരണക്കുറിപ്പ് അവതരിപ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് രാജന്‍ ദാനിയേല്‍, സത്താര്‍കുന്നില്‍, എന്‍.അജിത് കുമാര്‍, സിരിന്‍ ലാല്‍, ബഷീര്‍ ബാത്ത തുടങ്ങിയവര്‍ പ്രസംഗിച്ചു. കലാ ജനറല്‍ സെക്രട്ടറി ടി.വി ജയന്‍ സ്വാഗതവും ട്രഷറര്‍ റെജി നന്ദിയും പറഞ്ഞു. നാടക ഗാനാലാപനവും പരിപാടിയുടെ ഭാഗമായി നടന്നു. പരിപാടികള്‍ക്ക് സി.കെ. നൌഷാദ്, ബാലഗോപാല്‍, സജീവ് എം. ജോര്‍ജ്, മൈക്കല്‍ ജോണ്‍സണ്‍, രമ അജിത്, പ്രിന്‍സ്റണ്‍ ഡിക്രൂസ്, എന്‍.ആര്‍.രജീഷ്, സുരേഷ് ചവറ, കൃഷ്ണകുമാര്‍, സി.കൃഷ്ണന്‍, സുനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍