ഫോര്‍ക്ക് ലിഫ്റ്റ് ഇടിച്ച് മലയാളി റിയാദില്‍ മരിച്ചു
Monday, March 24, 2014 7:24 AM IST
റിയാദ്: ജോലി സ്ഥലത്ത് മലയാളി ഫോര്‍ക്ക് ലിഫ്റ്റ് ഇടിച്ച് തല്‍ക്ഷണം മരണപ്പെട്ടു. കണ്ണൂര്‍ ജില്ലക്കാരനും വര്‍ഷങ്ങളായി മഹാരാഷ്ട്രയിലെ പൂണെയില്‍ സ്ഥിരതാമസക്കാരനുമായ കൃഷ്ണന്‍ നായരുടെ മകന്‍ ഹരികുമാര്‍ നായര്‍ എന്ന രാജു (37) ആണ് അസീസിയയിലെ ഹോളോ ബ്രിക്സ് നിര്‍മാണ കമ്പനിയായ അല്‍ ഈദ് കമ്പനിയുടെ ഫാക്ടറിയില്‍ അതിദാരുണമായി മരണപ്പെട്ടത്.

കൂടെ ജോലി ചെയ്യുന്ന ബംഗ്ളാദേശ് ഡ്രൈവര്‍ ഫോര്‍ക് ലിഫ്റ്റ് പുറകിലേക്കെടുത്തപ്പോള്‍ അതിനടിയില്‍പ്പെട്ട് തല്‍ക്ഷണം മരണപ്പെടുകയായിരുന്നെന്ന് ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശി സൈദ് മുഹമ്മദ് പറഞ്ഞു. രണ്ട് വര്‍ഷവും മൂന്ന് മാസവുമായി അല്‍ ഈദ് കമ്പനിയില്‍ ജോലി ചെയ്യുന്ന രാജു അടുത്ത മാസം 15 ന് നാട്ടില്‍ പോകാനിരുന്നതാണ്. ചെങ്ങനൂര്‍ മാന്നാര്‍ സ്വദേശിനി രമ്യ ഹരികുമാറാണ് ഭാര്യ. ഭാര്യയും മക്കളായ വൈഷ്ണവി (10), കാര്‍ത്തിക് (7) എന്നിവരും പൂണെയിലാണ് താമസം.

ഷുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടികള്‍ കമ്പനി അധികൃതര്‍ തുടങ്ങിക്കഴിഞ്ഞതായി സൈദ് മുഹമ്മദ് അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍