മാര്‍ ബോസ്കോ പുത്തൂരിന് സ്വീകരണം; മെല്‍ബണില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Friday, March 14, 2014 8:00 AM IST
മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ബോസ്കോ പുത്തൂരിനെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

മാര്‍ച്ച് 18 ന് (ചൊവ്വ) വൈകുന്നേരം ഏഴിന് മിക്കലമില്‍ എത്തിചേരുന്ന പിതാവിനെയും രൂപതയുടെ വികാരി ജനറാള്‍ ഫാ.ഫ്രാന്‍സിസ് കോലഞ്ചേരിയേയും മെല്‍ബണ്‍ സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ.പീറ്റര്‍ കാവുംപുറത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. മിക്കലമിലെ പാര്‍ക്ക് ലാന്‍ഡ് ക്രസന്റിലുള്ള സീറോ മലബാര്‍ ചാപ്പലിലേക്ക് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പിതാവിനെ ആനയിക്കും. മെല്‍ബണിലെ വിവിധ ഇടവകകളില്‍ സേവനം അനുഷ്ഠിക്കുന്ന മലയാളി വൈദീകരും സീറോ മലബാര്‍ വിശ്വാസികളും പങ്കെടുക്കും.

കഴിഞ്ഞ ഒരാഴ്ച കാലത്തോളം നോര്‍ത്ത്-വെസ്റ് റീജിയണിലെ ജനങ്ങളുടെയും വൈദീകരുടെയും നേതൃത്വത്തില്‍ ചാപ്പലും പരിസരങ്ങളും മോടി പിടിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു.

മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ഉദ്ഘാടനവും പിതാവിന്റെ സ്ഥാനാരോഹണവും മെല്‍ബണിലെ സെന്റ് പാട്രിക് കത്തീഡ്രലില്‍ മാര്‍ച്ച് 25 ന് (ചൊവ്വ) ഏഴിന് നടക്കും.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍