മയൂര്‍ വിഹാര്‍ ഫേസ് 3-ല്‍ മെട്രോ ട്രെയിന്‍ യാത്രാ സൌകര്യം ആവശ്യപ്പെട്ട് ജനസഭ കൂടുന്നു
Tuesday, March 4, 2014 7:58 AM IST
ന്യൂഡല്‍ഹി : മലയാളികള്‍ ഉള്‍പ്പെടെ പതിനഞ്ച് ലക്ഷത്തിലധികം ജനങ്ങള്‍ വസിക്കുന്ന ഡല്‍ഹിയിലെ പ്രശസ്തമായ മയൂര്‍ വിഹാര്‍ ഫേസ് 3 ല്‍ ഡല്‍ഹിയുടെ ലൈഫ് ലൈന്‍ ആയ മെട്രോ ട്രെയിന്‍ യാത്രാ സൌകര്യത്തിനായുള്ള പ്രാരംഭ നടപടികള്‍ ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് മയൂര്‍ വിഹാറിലെ ജനങ്ങള്‍ ഒത്തുകൂടുന്നു.

മാര്‍ച്ച് ഒമ്പതിന് (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിന് മയൂര്‍ വിഹാര്‍ ഫേസ്3 ലെ പങ്കജ് പ്ളാസക്ക് അടുത്തുള്ള ബസ് സ്റാന്‍ഡിനു സമീപമുള്ള പാര്‍ക്കിലാണ് വേണുഗോപാലന്‍ നായര്‍ കണ്‍വീനറും മോഹന്‍ദാസ് കോഓര്‍ഡിനേറ്ററുമായി പ്രദേശത്തെ 35ല്‍പരം വരുന്ന വിവിധ മലയാളി സംഘടനകള്‍ ഉള്‍പ്പെടെയുള്ള ജനസഭ വിളിച്ചു കൂട്ടുന്നത്. മലയാളികളെക്കൂടാതെ ഹിന്ദിക്കാര്‍ ഉള്‍പ്പെടെയുള്ള മറ്റു ഭാഷകള്‍ സംസാരിക്കുന്നവരും ജനസഭയില്‍ പങ്കെടുക്കും.

ചക്കുളത്തമ്മ പൊങ്കാല മഹോത്സവം, മുത്തപ്പന്‍ മഹോത്സവം, ഡല്‍ഹി മലയാളി അസോസിയേഷന്‍, ജനസംസ്കൃതി, മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ തുടങ്ങിയ പ്രമുഖ സംഘടനകളുടെ നേതൃത്വത്തില്‍ ഓണാഘോഷങ്ങള്‍, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ എന്നിവയൊക്കെ മിനി കേരളാ അല്ലെങ്കില്‍ മലയാളി വിഹാര്‍ എന്നറിയപ്പെടുന്ന ഇവിടുത്തെ ചില പ്രത്യേകതകള്‍ മാത്രമാണ്.

മെട്രോ ട്രെയിനോ അല്ലങ്കില്‍ മോണോ ട്രെയിന്‍ സംവിധാനമോ ഒരുക്കണമെന്നാണ് മലയാളികള്‍ ഉള്‍പ്പെടുന്ന ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന ആവശ്യം.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി