മെല്‍ബണ്‍ രൂപത സ്ഥാപനവും മാര്‍ ബോസ്കോ പുത്തൂരിന്റെ സ്ഥാനാരോഹണവും മാര്‍ച്ച് 25ന്
Tuesday, February 25, 2014 10:15 AM IST
ബ്രിസ്ബന്‍: സീറോ മലബാര്‍ സഭാ ചരിത്രത്തില്‍ സുപ്രധാനമായ ഒരധ്യായത്തിന് തുടക്കംകുറിച്ച് മെല്‍ബണ്‍ സെന്റ് തോമസ് രൂപത സ്ഥാപനവും ബിഷപ് മാര്‍ ബോസ്കോ പുത്തൂരിന്റെ സ്ഥാനാരോഹണവും മാര്‍ച്ച് 25ന് നടക്കും.

മെല്‍ബണ്‍ സെന്റ് പാട്രിക് കത്തീഡ്രലില്‍ നടക്കുന്ന ചരിത്ര നിമിഷത്തിന് സാക്ഷികളാകാന്‍ ഓസ്ട്രേലിയയിലെ നാല്‍പ്പതിനായിരത്തോളം വരുന്ന സഭാംഗങ്ങള്‍ ഒരുക്കം തുടങ്ങി. ഈസ്റ് മെല്‍ബണ്‍ കത്തീഡ്രല്‍ പ്ളെയ്സിലുള്ള കത്തീഡ്രലില്‍ വൈകുന്നേരം ഏഴിന് ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. സീറോ മലബാര്‍ സഭയുടെ ഓസ്ട്രേലിയയിലെ പ്രവര്‍ത്തനത്തിന് ലത്തീന്‍ സഭ നല്‍കിവരുന്ന സഹകരണം പുതിയ രൂപതാ സ്ഥാപനത്തിലും തെളിഞ്ഞുകാണാം.

മെല്‍ബണ്‍ ആര്‍ച്ച് ബിഷപ് ഡെന്നിസ് ഹാര്‍ട്ട് ചടങ്ങില്‍ സ്വാഗതം ആശംസിക്കും. സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. ഓസ്ട്രേലിയയിലെ അപ്പസ്തോലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് പോള്‍ ഗാലഗര്‍ പേപ്പല്‍ ബൂളാ വായിക്കും. നിരവധി ബിഷപ്പുമാര്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ ഓഷ്യാനയിലെ മുഴുവന്‍ വൈദികരും പങ്കെടുക്കും. നിയുക്ത മെല്‍ബണ്‍ രൂപത വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി ഇതുസംബന്ധിച്ചുള്ള കത്തുകള്‍ അയച്ചുവരികയാണ്. സീറോ മലബാര്‍ സഭാ കൂരിയ ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ മെല്‍ബണ്‍ രൂപത ബിഷപ്പും ന്യൂസിലാന്‍ഡിന്റെ അപ്പസ്തോലിക് വിസിറ്ററുമായാണ് നിയമിതനായിരിക്കുന്നത്.

റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്