സിഡ്നി സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക ആദ്യഫല പെരുന്നാള്‍ ആഘോഷിച്ചു
Monday, February 10, 2014 9:42 AM IST
സിഡ്നി: സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ ആദ്യഫലപെരുന്നാള്‍ ആഘോഷിച്ചു. ആദ്യകാലങ്ങളില്‍ കര്‍ഷകര്‍ തങ്ങളുടെ കൃഷിയില്‍ നിന്നു ലഭിക്കുന്ന ആദ്യവിളവ് ദൈവത്തിന് കാഴ്ചയായി സമര്‍പ്പിച്ചിരുന്ന ആചാരത്തെ അനുസ്മരിക്കുന്നതിനാണ് ആദ്യഫല പെരുന്നാള്‍ ആഘോഷിച്ചത്.

ഇടവകാംഗങ്ങള്‍ നേര്‍ച്ചയായി സമര്‍പ്പിച്ച ഉത്പന്നങ്ങളും സാധനങ്ങളും വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി ഫാ. ബെന്നി ഡേവിഡ് ആശീര്‍വദിച്ചു. തുടര്‍ന്നു നടത്തിയ ലേലത്തില്‍ ഇടവകാംഗങ്ങള്‍ ആവേശപൂര്‍വം പങ്കെടുത്തു. സഭയുടെ പുരാതന ആചാരത്തെ ഉയര്‍ത്തിക്കാട്ടിയ പെരുന്നാളില്‍ സിഡ്നിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭാ മക്കളുടെ സാന്നിധ്യവും പങ്കാളിത്തവും സഭയോടും ഇടവകയോടുമുള്ള അവരുടെ പ്രതിബദ്ധത വെളിപ്പെടുത്തുന്നതായിരുന്നുവെന്ന് വികാരി പറഞ്ഞു.

വയോംഗ് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍ വികാരി ഫാ.ബാബു കുര്യന്‍, ഇടവക ട്രസ്റി ജോണ്‍ മാത്യു, ചാള്‍സ് തോമസ്, അപ്പു പുലിക്കോട്ടില്‍, ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്; സഖറിയ ബേബി