മെല്‍ബണില്‍ വി.അല്‍ഫോന്‍സമ്മയുടെ തിരുനാള്‍ ആഘോഷം
Wednesday, January 29, 2014 10:23 AM IST
മെല്‍ബണ്‍: നോര്‍ത്ത് റീജിയണിന്റെ നേതൃത്വത്തില്‍ വി.അല്‍ഫോന്‍സാമ്മയുടെയും വി. സെബസ്ത്യാനോസിന്റെയും വി.തോമാശ്ളീഹായുടേയും സംയുക്ത തിരുനാള്‍ ഫെബ്രുവരി 22, 23 തീയതികളില്‍ ആഘോഷിക്കുന്നു.

തിരുനാളിന് ഒരുക്കമായുള്ള നൊവേന ഫെബ്രുവരി 14-ന് (വെള്ളി) മിക്കലമിലെ ചാപ്പലില്‍ ആരംഭിക്കും. തുടര്‍ന്ന് എല്ലാ ദിവസവും വൈകുന്നേരം ഏഴിന് വി.കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കുമെന്ന് ഫാ.പീറ്റര്‍ കാവുംപുറം അറിയിച്ചു. ഫെബ്രുവരി 16ന് (ഞായര്‍) വൈകുന്നേരം 4.30ന് ക്രയിഗിബേണ്‍ ഔര്‍ലേഡീസ് പള്ളിയില്‍ ഫാ.വര്‍ഗീസ് കുരിശിങ്കല്‍ കൊടിയേറ്റ് നിര്‍വഹിച്ച് തിരുനാളാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും.

22ന് (ശനി) വൈകുന്നേരം അഞ്ചിന് എപ്പിംഗ് മെമ്മോറിയല്‍ ഹാളില്‍ ആഘോഷമായ ദിവ്യബലിയും തുടര്‍ന്ന് സ്നേഹവിരുന്നും തുടര്‍ന്ന് വിവിധ വാര്‍ഡുകളുടെ നേതൃത്വത്തില്‍ കലാപരിപാടികളും ഉണ്ടായിരിക്കും.

23-ന് (ഞായര്‍) തിരുനാള്‍ ദിവസം 3.30ന് താമരശേരി രൂപത അധ്യക്ഷന്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയും തുടര്‍ന്നു നടക്കുന്ന ലദീഞ്ഞിന് താമരശേരി രൂപത വികാരി ജനറാള്‍ ഫാ.ജോണ്‍ അറവുംകരയും നേതൃത്വം നല്‍കും.

വിശുദ്ധന്മാരുടെ തിരുസ്വരൂപവും വഹിച്ച് പള്ളി ചുറ്റിയുള്ള പ്രദക്ഷിണത്തില്‍ വെസ്റ് റീജിയണിന്റെ ശിങ്കാരി മേളവും ക്രെയിഗിബേണ്‍ മാള്‍ട്ടീസ് കമ്യൂണിറ്റിയുടെ 25 ഓളം കലാകാരന്‍മാര്‍ അണിനിരക്കുന്ന ബാന്‍ഡ് സെറ്റും ഉണ്ടായിരിക്കും.

40 പ്രസുദേന്തിമാരാണ് ഈവര്‍ഷം തിരുനാള്‍ ഏറ്റെടുത്തു കഴിക്കുന്നത്. ഫാ. പീറ്റര്‍ കാവുംപുറത്തിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. ജനറല്‍ കണ്‍വീനര്‍മാരായി അസീസ് മാത്യു, ജോണ്‍സണ്‍ ഉള്ളാട്ട് എന്നിവരെ തെരഞ്ഞെടുത്തു. സജി ദേവസി (കള്‍ച്ചറല്‍ പ്രോഗ്രം), സെബാസ്റ്യന്‍ തട്ടില്‍ (ലിറ്റര്‍ജി), ജോബി മാത്യ (സ്നേഹവിരുന്ന്), പാറ്റ് മോറീസ് (സ്റ്റേജ് ആന്‍ഡ് സൌണ്ട്), തോമസ് സെബാസ്റ്യന്‍ (ഫിനാന്‍സ്), ഷാജി വര്‍ഗീസ് (ഡെക്കറേഷന്‍), ജോബി ഫിലിപ്പ്, ഷിജി തോമസ് (റിസപ്ഷന്‍),ഡെന്നി തോമസ് (വീഡിയോ ആന്‍ഡ് ഫോട്ടോഗ്രാഫി), ഷാന്റി ഫിലിപ്പ്, ജോയി കപ്പലുമാക്കല്‍ (പ്രദക്ഷിണം) തുടങ്ങിയ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

മെല്‍ബണ്‍ നോര്‍ത്ത് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ സ്വര്‍ഗീയ മധ്യസ്ഥയായ വി.അല്‍ഫോന്‍സാമ്മയുടെ തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍