'ഇന്ത്യയുടെ സാഹോദര്യവും ജനാധിപത്യവും വിലപ്പെട്ടത്'
Wednesday, January 29, 2014 8:32 AM IST
മെല്‍ബണ്‍: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഓസ്ട്രേലിയ ദേശീയ കമ്മിറ്റി ഇന്ത്യയുടെ 65-ാമത് റിപ്പബ്ളിക് ദിനം ആഘോഷിച്ചു. ജോസ് എം. ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും 25 വര്‍ഷമായി പഞ്ചായത്ത് മെംബറുമായ സി.എം. ജോയി യോഗം ഉദ്ഘാടനം ചെയ്തു.

ഇന്ത്യയുടെ ജനാധിപത്യം ലോകരാജ്യങ്ങള്‍ക്ക് പ്രചോദനമാണെന്നും ലോക സൌഹൃദം ഊട്ടി ഉറപ്പിക്കാനാണ് ഇന്ത്യയുടെ പരിശ്രമമെന്നും സിഎം ജോയി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ജനാധിപത്യവും പാരമ്പര്യവും എന്ന വിഷയത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി ജോര്‍ജ് തോമസ് പ്രബന്ധം അവതരിപ്പിച്ചു. ഈ വിഷയത്തെ ആസ്പദമാക്കി ഒഐസിസി വിക്ടോറിയ പ്രസിഡന്റ് ജോജി കാഞ്ഞിരപ്പിള്ളി, ജോജി ജോണ്‍, ജിബി ഫ്രാങ്ക്ളിന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഓസ്ട്രേലിയയില്‍ ഒസിഐ കാര്‍ഡുള്ള ഇന്ത്യന്‍ വംശജര്‍ക്ക് പിസിസി നല്‍കുന്നില്ല എന്ന പരാതി കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുവാനും പ്രവാസി വകുപ്പില്‍ ബന്ധപ്പെടാനും സിഡ്നി സോണല്‍ പ്രസിഡന്റ് കോശി ജേക്കബിനെ ചുമതലപ്പെടുത്തി.

ജനകീയ പ്രശ്നങ്ങളില്‍ ഒഐസിസി സജീവമായി ഇടപെടുമെന്നും 2014ലെ ജീവകാരുണ്യ പദ്ധതി 'കാരുണ്യത്തിന്‍ കൈക്കുമ്പിള്‍ നിങ്ങളിലൂടെ' സോണല്‍ കമ്മിറ്റി വഴി നടത്താന്‍ തീരുമാനമായി. അജോ അങ്കമാലി സ്വാഗതവും ബെന്നി തോമസ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്