കെസിവിഎ വാര്‍ഷിക ക്യാമ്പ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Thursday, January 23, 2014 9:54 AM IST
മെല്‍ബണ്‍: ക്നാനായ കമ്യുണിറ്റി ഓഫ് വിക്ടോറിയയുടെ ഈ വര്‍ഷത്തെ ക്യാമ്പും വിനോദ യാത്രയും ജനുവരി 24ന് (വെളളി) വൈകുന്നേരം ആരംഭിച്ച് 26ന് (ഞായര്‍) സമാപിക്കും. മെല്‍ബണിലെ റോസ്ലിയിലെ നോര്‍ത്ത്കോട്ട് റിക്രിയേഷന്‍ റിസോര്‍ട്ടിലാണ് ക്യാമ്പ്.

വെളളി വൈകുന്നേരം ഏഴിന് ക്യാമ്പ് ആരംഭിക്കും. വിക്ടോറിയയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും 250 ല്‍ പരം അംഗങ്ങള്‍ വിനോദയാത്രയില്‍ പങ്കെടുക്കും. അംഗങ്ങളുടെ കലാപരിപാടികളും വിജ്ഞാന പ്രദങ്ങളായ ക്ളാസുകളും സ്പോര്‍ട്സ് രംഗത്ത് കഴിവ് തെളിയിക്കാനുളള അവസരവും ക്യാമ്പില്‍ ഭാരവാഹികള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഡിബേറ്റുകളും ചര്‍ച്ചകളും കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം പരിപാടികളും ക്യാമ്പിന്റെ പ്രത്യേകതയാണ്.

ശനിയാഴ്ച ക്നാനായ കമ്യുണിറ്റി ഓഫ് വിക്ടോറിയയുടെ ചാപ്ളെയിന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പളളി, കോട്ടയം അതിരൂപതാംഗവും മെല്‍ബണ്‍ രൂപതയ്ക്കുവേണ്ടി സേവനം ചെയ്യവാന്‍ എത്തിയ ഫാ. ബിജു കുമ്പിക്കാന്‍ എന്നിവര്‍ക്ക് ക്യാമ്പില്‍ സ്വീകരണം നല്‍കും. ക്നാനായ കമ്യുണിറ്റി ഓഫ് വിക്ടോറിയ പ്രസിഡന്റ് ബിജി മോന്‍ തോമസ് ആണ് വാര്‍ഷിക വിനോദയാത്രയുടെ കോര്‍ഡിനേറ്റര്‍. കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി ഈ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ വിവിധ പരിപാടികള്‍ ഇതിനോടകം ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

ക്നാനായ കമ്യുണിറ്റി ഓഫ് വിക്ടോറിയയുടെ ഭാരവാഹികളായ ബിജിമോന്‍ തോമസ്, ടോമി നെടുംതുരുത്തി, സോളമന്‍ ജോര്‍ജ്, ബോബന്‍ തോമസ്, ലിസി ജോസ് മോന്‍, കോഓര്‍ഡിനേറ്റര്‍മാരായ പി.ജെ അനിമോന്‍, സിജു അലക്സ്, സ്റ്റീഫന്‍ ഓക്കടന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. വിക്ടോറിയയുടെ പ്രകൃതി സുന്ദരമായ റോസ്ലിയിലെ നോര്‍ത്ത്കോട്ട് റിക്രിയേഷന്‍ റിസോര്‍ട്ടിലെ ഈ വര്‍ഷത്തെ ക്യാമ്പ് കമ്മിറ്റിയുടെ നിരവധി പ്രവര്‍ത്തനങ്ങളുടെ ഒരു പൊന്‍ തൂവല്‍ ആയി മാറുമെന്ന് വിലയിരുത്തപ്പെടുന്നു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍