ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി അജപാലന ദൌത്യത്തിന്റെ പുതിയ പാതയില്‍
Monday, January 13, 2014 9:19 AM IST
കാന്‍ബറ: ഓസ്ട്രലിയയിലെ മെല്‍ബണ്‍ കേന്ദ്രമായി പുതിയ സീറോ മലബാര്‍ രൂപത എന്നതുപോലെ തന്നെ രാജ്യത്തെ സീറോ മലബാര്‍ കത്തോലിക്കരെ ആഹ്ളാദഭരിതമാക്കുന്നതാണ് പുതിയ വികാരി ജനറലിന്റെ നിയമനവും. കഴിഞ്ഞ മൂന്നു വര്‍ഷകാലം തങ്ങളെ നയിച്ച ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിയെ രൂപതയുടെ പുതിയ വികാരി ജനറലായി ലഭിച്ചതിന്റെ സന്തോഷത്തിലാണ് വിശ്വാസ സമൂഹം.

തങ്ങളില്‍ ഒരാളായി തങ്ങളോടൊപ്പം ജീവിച്ചും പ്രവര്‍ത്തിച്ചും ചിന്നിച്ചിതറി കിടന്ന വിശ്വാസികളെ ഒന്നാക്കി മാറ്റുന്നതിനും മലയാളം കുര്‍ബാന അടക്കമുള്ള കൂദാശകള്‍ക്കു അവസരം ഒരുക്കുന്നതിനും നേതൃതം നല്‍കിയ ഫ്രാന്‍സിസ് അച്ചന്‍ അവര്‍ക്കു അത്രയും പ്രിയപെട്ടവനാണ്.

ലോകത്തിലെ ഏഴാമത്തെ വലിയ രാജ്യമായ ഓസ്ട്രലിയയിലെ എട്ടു സംസ്ഥാനങ്ങളിലായി പടര്‍ന്നു കിടക്കുന്ന ചെറിയ വിശ്വാസ സമൂഹങ്ങളില്‍ പോലും ചെന്നെത്തി അവര്‍ക്കു ആവശ്യമായ അജപാലന സേവനം എത്തിച്ചു കൊടുക്കുവാന്‍ ജാഗ്രത പുലര്‍ത്തുകയും അതില്‍ വിജയിക്കുകയും ചെയ്തു. അതിനു പിന്നിലുള്ള കഠിന പ്രയത്നം നന്നായി അറിയുന്നവര്‍ ഇവിടുത്തെ വിശ്വാസികള്‍ തന്നെയാണല്ലോ. വിശ്വാസ സമൂഹത്തെ ഒന്നിപ്പിക്കുന്നതിനോപ്പം വിവിധ ഓസ്ട്രേലിയന്‍ രൂപതകളില്‍ സേവനം ചെയ്യുന്ന സീറോ മലബാര്‍ മലയാളി വൈദികരെ കണ്െടത്തി മലയാളി സമൂഹത്തിനായി സേവനം ചെയ്യുവാന്‍ നിയോഗിച്ചു. കൂടാതെ നാട്ടില്‍നിന്നും സേവനത്തിനെത്തിയ വൈദികരെയും ഒത്തൊരുമയോടെ ചേര്‍ത്തു നിര്‍ത്തി അദ്ദേഹം തന്റെ ലക്ഷ്യം നേടുകയായിരുന്നു. ഇന്ന് സീറോ മലബാര്‍ വിശ്വാസികള്‍ക്കായി 25 ലേറെ വൈദികര്‍ സേവനം ചെയ്യുന്നു എന്നത് അച്ചന്റെ സേവനമികവിന്റെ തെളിവാണ്.

തലസ്ഥാനമായ കാന്‍ബറയിലെ കാന്‍ബറ ഗോള്‍ബോണ്‍ അതിരൂപതയുടെ കത്തീഡ്രല്‍ പള്ളിയായ സെന്റ് ക്രിസ്സ്റഫര്‍ പള്ളി വികാരിയുമായി പ്രവര്‍ത്തിക്കുന്ന ഇദേഹം തദേശീയര്‍ക്കും ഏറെ പ്രിയപ്പെട്ടവനാണ്. ഒരു വിദേശ രൂപതയുടെ കത്തീഡ്രല്‍ പള്ളിയുടെ വികാരിയാവുക എന്നത് തന്നെ അച്ചന്റെ പ്രവര്‍ത്തനത്തെ ഓസ്ട്രേലിയന്‍ കത്തോലിക്കാ സമൂഹം എങ്ങനെ അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണ്. ഓസ്ട്രേലിയയിലെ വിവിധ രൂപത മെത്രാന്മാരുമായും രാഷ്ട്രീയ ഭരണ നേതൃതവും ആയി അടുത്ത ബന്ധവും അദ്ദേഹത്തിനുണ്ട്.

എറണാകുളം - അങ്കമാലി അതിരൂപതയില്‍പെട്ട മാണിക്കമംഗലം ഇടവകയില്‍ 1954 ജൂലൈ 31നു ആയിരുന്നു ഫാ. ഫ്രാന്‍സിസിന്റെ ജനനം. കൊലഞ്ചേരി വീട്ടില്‍ പരേതരായ വര്‍ഗീസ്, മേരി എന്നിവരാണ് മാതാപിതാക്കള്‍. വടവാതൂര്‍ സെമിനാരിയില്‍ നിന്നും വൈദിക പഠനം പൂര്‍ത്തിയാക്കി. 1979 ഡിസംബര്‍ 22നു കാര്‍ഡിനല്‍ ജോസഫ് പാറെക്കട്ടില്‍ നിന്നും പൌരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് എറണാകുളം രൂപതയുടെ കീഴിലെ ഞാറക്കല്‍, തിരുഹൃദയക്കുന്നു എന്നീ ഇടവകകളിലും അമേരിക്കയിലും ജോലി ചെയ്തു. തുടര്‍ന്ന് 2006 ജനുവരിയില്‍ ഓസ്ട്രലിയയില്‍ എത്തി. കേരളത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വിവിധ സാമൂഹ്യ സേവന പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിലും സജീവമായിരുന്നു. അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജ് ആന്‍ഡ് ചാരിറ്റബിള്‍ ഇന്‍സ്റിറ്റ്യൂഷന്‍ സ്ഥാപക പ്രസിഡന്റ്, സാഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍, കേരള ഗവണ്‍മെന്റ് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെംബര്‍, കേരള കത്തോലിക്ക ഹോസ്പിറ്റല്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2010 മുതല്‍ ഓസ്ട്രലിയയിലെ സീറോ മലബാര്‍ കത്തോലിക്ക സമൂഹം ഏറെ മുന്നേറിക്കഴിഞ്ഞു. എല്ലാ കേന്ദ്രങ്ങളിലും വിശുദ്ധ കുര്‍ബാനക്കും കൂദാശകള്‍ക്കും മതപഠനത്തിനും സൌകര്യം ആയിക്കഴിഞ്ഞു. വിവാഹ ഒരുക്ക പരിശീലനവും നടത്തി വരുന്നു. വളര്‍ന്നു വരുന്ന തലമുറകള്‍ക്കായി ചെറു പുഷ്പ മിഷന്‍ ലീഗ് ഓസ്ട്രേലിയയില്‍ തുടങ്ങുന്നതിനും നേതൃത്വം നല്‍കി.

സീറോ മലബാര്‍ മെല്‍ബണ്‍ രൂപത നിയുക്ത മെത്രാന്‍ മാര്‍ ബോസ്കോ പുത്തൂരിനൊപ്പം ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിയുടെ പ്രവര്‍ത്തന മികവും കൂടിചേരുമ്പോള്‍ സീറോ മലബാര്‍ കത്തോലിക്കാ സമൂഹം ആത്മീയമായും ഭൌതികമായും വളരെ പെട്ടെന്ന് പടര്‍ന്നു പന്തലിക്കും എന്നതില്‍ സംശയമില്ല. നിയമന കാര്യങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കേരളത്തിലുള്ള ഫാ. ഫ്രാന്‍സിസ് 18 നു കാന്‍ബറയില്‍ തിരിച്ചെത്തുമ്പോള്‍ സ്വീകരണം നല്‍കാന്‍ ഒരുങ്ങുകയാണ് വിശ്വാസ സമൂഹം.

റിപ്പോര്‍ട്ട്: ജോമി പുലവേലില്‍