വികസനത്തിനുവേണ്ടി വയല്‍ നികത്തുന്നതില്‍ തെറ്റില്ല: മന്ത്രി കെ.സി. ജോസഫ്
Monday, January 6, 2014 9:07 AM IST
ബ്രിസ്ബയിന്‍: വികസന പദ്ധതികള്‍ക്കുവേണ്ടി വയല്‍ നികത്തുന്നതില്‍ തെറ്റില്ലെന്ന് മന്ത്രി കെ.സി ജോസഫ്. നെടുമ്പാശേരിയില്‍ സംഘടിപ്പിച്ച ഗ്ളോബല്‍ പ്രവാസി സംഘമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആറന്മുളയില്‍ വിമാനത്താവളം നിര്‍മിക്കുന്നതിനുവേണ്ടി വയല്‍ നികത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധമുയരുന്നത് പരാമര്‍ശിച്ചുകൊണ്ട് ഇത്തരമൊരു ചിന്താഗതി വച്ചുപുലര്‍ത്തിയിരുന്നുവെങ്കില്‍ നെടുമ്പാശേരിയില്‍ വിമാനത്താവളമുയരുമായിരുന്നുവോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

നെടുമ്പാശേരിയില്‍ വിമാനത്താവളം നിര്‍മിച്ചത് ഏക്കര്‍ കണക്കിന് ഭൂമി നികത്തിക്കൊണ്ടാണ്. തരിശായി കിടക്കുന്ന കൃഷിഭൂമി ഇത്തരത്തില്‍ പൊതുപങ്കാളിത്തത്തോടെയുള്ള വികസന പദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്തിയാലേ പാശ്ചാത്യരാജ്യങ്ങളെ പോലെ നമ്മുടെ നാടും വികസിക്കുകയുള്ളൂവെന്ന് മന്ത്രി സൂചിപ്പിച്ചു.

അങ്കമാലി അയല്‍ക്കൂട്ടം - നെടുമ്പാശേരി സംഗമം ഗ്ളോബല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ചതാണ് ഗ്ളോബല്‍ പ്രവാസി സംഗമം 2013. ചടങ്ങില്‍ ജോളി കരുമത്തി അധ്യക്ഷത വഹിച്ചു. പി. രാജീവ് എംപി ആശംസകള്‍ നേര്‍ന്നു. ബെറ്റി തോമസ് സ്വാഗതവും ഫാ. ജയ്സണ്‍ മുളവരിക്കല്‍ സിഎംഐ നന്ദിയും പറഞ്ഞു. പോള്‍ അച്ചിനിമാടന്‍, ഹണി പൈനാടത്ത്, പോളി പറക്കാടന്‍, ആന്റണി മാവേലി, ഡോ. ഷാജി വര്‍ഗീസ് എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.

സംഗമത്തിന്റെ ഭാഗമായി പന്തളം ബാലന്റെ നേതൃത്വത്തില്‍ ഗാനമേളയും സിനിമാതാരങ്ങള്‍ അവതരിപ്പിച്ച നൃത്ത പരിപാടിയും പ്രശസ്ത മാന്ത്രികന്‍ സാമ്രാജിന്റെ മാജിക് ഷോയും നടന്നു.