മെല്‍ബണ്‍ ക്രിസ്മസ് ലഹരിയില്‍; പുല്‍ക്കൂടുകളും അലങ്കാരങ്ങളുമായി മലായളികളും
Saturday, December 14, 2013 11:13 AM IST
മെല്‍ബണ്‍: ക്രിസ്മസ് ലഹരിയില്‍ മെല്‍ബണ്‍ സിറ്റി രാത്രികളെ പകലുകളാക്കി മാറ്റുമ്പോള്‍ മലയാളികള്‍ പുല്‍ക്കൂടും വീടുകളുടെ അലങ്കാരം കൊണ്ടും ക്രിസ്മസിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു.

ജാതിമത ചിന്തകള്‍ക്ക് അതീതമായി എല്ലാ മലയാളികളും ക്രിസ്മസിനെ എതിരേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ ഉണ്ണിയേശുവിന്റെ ജനനംകൊണ്ട് പ്രസിദ്ധിയാര്‍ജിച്ച ബേദ്ലഹേമിലെ പുല്‍ക്കൂട് പുനഃസൃഷ്ടിച്ചുകൊണ്ട് സാജന്‍ മൈക്കിള്‍ എന്ന മലയാളി തന്റെ വീടിന്റെ പിന്നിലെ ഷെഡ് പുല്‍ക്കൂട് ആക്കി തന്റെ കരവിരുത് തെളിയിക്കുന്നു. മെല്‍ബണിലെ ബെയിസ് വാട്ടറില്‍ തന്റെ സ്വന്തം വീട്ടില്‍ നിര്‍മിച്ചിരിക്കുന്ന പുല്‍ക്കൂട് ഇതിനകം ശ്രദ്ധപിടിച്ചുപറ്റി. കോട്ടയം ജില്ലയിലെ നീണ്ടൂര്‍ സ്വദേശിയാണ് സാജന്‍ മൈക്കിള്‍.

അതുപോലെ തന്നെ സ്വന്തംവീട് നക്ഷത്രവിളക്കുകള്‍കൊണ്ടും ലേസര്‍ ലൈറ്റുകള്‍ കൊണ്ടും അലങ്കരിച്ചാണ് സജിമോന്‍ പുളിമൂട്ടില്‍ ക്രിസ്മസിനെ വരവേല്‍ക്കുന്നത്. മെല്‍ബണിലെ ഫെന്‍ട്രി ഗല്ലില്‍ താമസമാക്കിയ സജിമോന്‍ എല്ലാ ക്രിസ്മസിനും തന്റെ സ്വന്തം വീട് അലങ്കരിച്ച് സമ്മാനങ്ങള്‍ നേടിയിരുന്നു.

ഇത്തവണ പ്രത്യേകമായി ലേസര്‍ രശ്മികള്‍ കൊണ്ട് വ്യത്യസ്ത ലൈറ്റുകള്‍ ക്രമീകരിച്ച് മനോഹരമാക്കിയിരിക്കുന്നു.

കോട്ടയം ജില്ലയിലെ പുതുവേലി സ്വദേശിയായ സജിമോന്‍ പുളിമൂട്ടില്‍ അക്കൌണ്ടിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍