ഓസ്ട്രേലിയയില്‍ മലയാളി സമൂഹം ക്രിസ്മസ് കരോളിന്റെ ഉത്സവ ലഹരിയില്‍
Thursday, December 5, 2013 9:15 AM IST
മെല്‍ബണ്‍: ഓസ്ട്രേലിയയിലെ മലയാളി സമൂഹം ക്രിസ്മസിനെ എതിരേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. വിവിധ ക്രൈസ്തവ പള്ളികളുടെ ആഭിമുഖ്യത്തിലും മലയാളി സംഘടനകളുടെ നേതൃത്വത്തിലുമാണ് ക്രിസ്മസ് - നവവത്സരാഘോഷങ്ങള്‍ ഒരുക്കുന്നത്.

ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ക്രിസ്മസിന്റെ ആദ്യത്തെ കരോള്‍ ക്നാനായ കമ്യൂണിറ്റി ഓഫ് വിക്ടോറിയയുടെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ സൌത്ത് ഈസ്റ് റീജിയണിലെ റോസ്ബഡില്‍ നിന്നും ആരംഭിച്ചു. ബാന്‍ഡുമേളവും കരോള്‍ ഗാനങ്ങളുടെ ആരവവും സ്നേഹവും ഐക്യവും ക്രിസ്മസ് കരോളിലൂടെ പ്രതിഫലിച്ചപ്പോള്‍ മെല്‍ബണ്‍ മലയാളികള്‍ക്ക് അത് വേറിട്ടൊരനുഭവമായി.

ക്നാനായ അസോസിയേഷന്റെ അംഗങ്ങളുടെ വീടുകളില്‍ ഉണ്ണിയേശുവിനെ സ്വീകരിക്കാന്‍ നക്ഷത്രങ്ങളും പുല്‍ക്കൂടം ക്രിസ്മസ് ട്രീയും ഒരുക്കി. ക്നാനായ കമ്യൂണിറ്റി ഓഫ് വിക്ടോറിയയുടെ സൌത്ത് ഈസ്റ് റീജിയണിന്റെ കരോള്‍ സന്ധ്യക്ക് അസോസിയേഷന്‍ ഭാരവാഹികളായ ബിജിമോന്‍ തോമസ്, ടോമി നെടുംതുരുത്തി, സോളമന്‍ ജോര്‍ജ്, ലിസി ജോസ്മോന്‍, സോബന്‍ തോമസ്, ഏരിയ കോഓര്‍ഡിനേറ്റര്‍മാരായ സ്റീഫന്‍ ഓക്കാടന്‍, സി.ജെ ആനിമോന്‍, സിജു അലക്സ് എന്നിവര്‍ നേതൃത്വം നല്‍കി.

സൌത്ത് ഈസ്റ് റീജിയണിന്റെ ക്രിസ്മസ് കരോള്‍ റോസ്ബഡില്‍നിന്നും ആരംഭിച്ച് ബെറിക്കല്‍ സമാപിച്ചു. കുട്ടികളും യുവജനങ്ങളും മുതിര്‍ന്നവരും അടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

സീറോ മലബാര്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ ഏഴ് (ശനി) മുതല്‍ യാക്കോബായ, സിഎസ്ഐ, മാര്‍ത്തോമ്മ സഭാ വിശ്വാസികളും ക്രിസ്മസിന്റെ കരോള്‍ ആഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ഒരുങ്ങുകയാണ്. കൂടാതെ വിവിധ അസോസിയേഷനുകളുടെ ആഭിമുഖ്യത്തിലും ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ ആരംഭിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍