ഒഐസിസി കാര്‍ഡിലെ അപാകതകള്‍ പരിഹരിക്കും: വയലാര്‍ രവി
Tuesday, November 19, 2013 8:59 AM IST
സിഡ്നി: ഒഐസിസി കാര്‍ഡിലെ നിലവിലുള്ള അപാകതകള്‍ പരിഹരിക്കുന്നതിന് സത്വരനടപടികള്‍ സ്വീകരിക്കുമെന്ന് പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി. സിഡ്നി ഒഐസിസി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

21 വയസ് തികയുമ്പോള്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് കാലാവധി കഴിയുന്ന മുറയ്ക്ക് ഒസിഐ കാര്‍ഡ് പുതുക്കുന്നതിലെ അപാകത എത്രയുംവേഗം പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇത് ഇന്ത്യക്കാര്‍ക്ക് അധിക ബാധ്യത വരുത്തിവയ്ക്കുന്നതായി ഒഐസിസി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് മന്ത്രിയുടെ വിശദീകരണം.

ഒഐസിസിയുടെ പ്രവര്‍ത്തനം സോണല്‍ തലത്തില്‍ നന്നായി നടക്കുന്നതില്‍ സന്തോഷം ഉള്ളതായും കൂടുതല്‍ ആളുകള്‍ കോണ്‍ഗ്രസില്‍ കടന്നുവരുന്നതായും മന്ത്രി അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയയില്‍ പ്രവാസി ഭാരതീയ ദിവസിനെത്തിയ മന്ത്രി വയലാര്‍ രവിയേയും കെപിസിസി നേതാക്കളേയും ഒഐസിസി ദേശീയ കമ്മിറ്റി പ്രസിഡന്റ് ജോസ് എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. വിവിധി സെമിനാറുകളും സിംബോസിയങ്ങളും നടത്തി.

പ്രവാസി ഭാരതീയ ദിവസില്‍ ഒഐസിസി ദേശീയ കമ്മിറ്റിയെ പ്രതിനിധീകരിച്ച് അഡ്വ. മഹേഷ് സ്കറിയ, ദേശീയ സെക്രട്ടറി ജോസ് വാരാപ്പുഴ, ബെന്നി കണ്ണാമ്പുഴ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രസംഗിച്ചു.

സിഡ്നിയില്‍ നടന്ന ഒഐസിസി കണ്‍വന്‍ഷനില്‍ മന്ത്രിയെ കൂടാതെ കോവളം മുന്‍ എംഎല്‍എ ജോര്‍ജ് മേഴ്സിയര്‍, സ്ട്രാത് ഫീല്‍ഡ് കൌണ്‍സിലര്‍ രാജ് ദത്ത, കെപിസിസി ജനറല്‍ സെക്രട്ടറി അജയ് തറയില്‍, കളമശേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, സിഡ്നി പ്രസിഡന്റ് കോശി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. ജോസ് വാരാപ്പുഴ ദേശീയ കമ്മിറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിഡ്നി ഒഐസിസി ജനറല്‍ സെക്രട്ടറി വിപിന്‍ മാത്യൂസ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.ജി സജീവ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്