ക്നാനായ കാത്തലിക് മിഷന്‍ ആത്മീയ രംഗത്ത് ഉണര്‍വേകും: ആര്‍ച്ച് ബിഷപ് ഡെന്നിസ് ഹാര്‍ട്ട്
Wednesday, November 6, 2013 9:51 AM IST
മെല്‍ബണ്‍: മെല്‍ബണ്‍ ക്നാനായ കാത്തലിക് മിഷന്റെ ഔപചാരികമായ ഉദ്ഘാടനകര്‍മം ആര്‍ച്ച് ബിഷപ് ഡെന്നിസ് ഹാര്‍ട്ട് നിര്‍വഹിച്ചു. കഴിഞ്ഞ ഒന്‍പത് വര്‍ഷക്കാലമായി മെല്‍ബണ്‍ അതിരൂപതയില്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പളളിയുടേയും ക്നാനായ കമ്മ്യുണിറ്റി ഓഫ് വിക്ടോറിയ, ക്നാനായ ഓഷ്യാന കമ്മിറ്റി എന്നിവയുടെ സംയുക്ത ശ്രമഫലമായാണ് മെല്‍ബണ്‍ അതിരൂപതയും ആര്‍ച്ച് ബിഷപ്പ് ഡെന്നിസ് ഹാര്‍ട്ടും ക്നാനായ കമ്മ്യുണിറ്റിക്കുവേണ്ടി ക്നാനായ കാത്തലിക് മിഷന്‍ അനുവദിച്ചത്.

മെല്‍ബണിലെ ഫോക്കനാര്‍ സെന്റ് മാത്യുസ് പളളിയില്‍ തിങ്ങി നിറഞ്ഞ വിശ്വാസികളെ സാക്ഷി നിര്‍ത്തി ക്നാനായ കാത്തലിക്ക് മിഷന്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ ആഹ്ളാദത്തോടും സന്തോഷത്തോടും കൂടി വിശ്വാസികള്‍ ഹര്‍ഷാരവത്തോടെ മിഷനെ സ്വാഗതം ചെയ്തു. ക്നാനായ കാത്തലിക് മിഷന്‍ ആത്മീയ രംഗത്ത് ഉണര്‍വ് നല്‍കുമെന്നും പറഞ്ഞ ആര്‍ച്ച്ബിഷപ്, ക്നാനായ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് ക്രൈസ്തവ വിശ്വാസം ഓസ്ട്രേലിയന്‍ മണ്ണില്‍ തുടര്‍ന്നു കൊണ്ടുപോകുന്നതിന് ക്നാനായ കമ്മ്യുണിറ്റിയെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

കോഹിമ രൂപത മെത്രാന്‍ റവ. ഡോ. ജെയിംസ് തോപ്പില്‍, സീറോ മലബാര്‍ ഓസ്ട്രേലിയ കോഓര്‍ഡിനേറ്റര്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, മെല്‍ബണ്‍ ക്നാനായ കാത്തലിക് മിഷന്റെ ചാപ്ളെയിന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പളളി, ക്നാനായ കമ്മ്യുണിറ്റി ഓഫ് വിക്ടോറിയായുടെയും ക്നാനായ ഓഷ്യാന കമ്മിറ്റിയുടേയും പ്രസിഡന്റുമാരായ ബിജിമോന്‍ തോമസ്, സജി വയലുങ്കല്‍, സിഡ്നിയിലെ വിവിധ രൂപതകളില്‍ സേനവം അനുഷ്ഠിക്കുന്ന വൈദികരായ ജോസ് ചിറയില്‍ പുത്തന്‍പുര, ഷാജു ചാമപ്പാറ, ജോയി കുന്നശേരി, ഷിജു, സീറോ മലബാര്‍ മെല്‍ബണ്‍ ചാപ്ളെയിന്‍ ഫാ. പീറ്റര്‍ കാവുംപുറം, മെല്‍ബണ്‍ അതിരൂപതയില്‍ സേവനം ചെയ്യുന്ന നിരവധി മലയാളി വൈദികര്‍, ലിറ്റര്‍ജി കോഓര്‍ഡിനേറ്റര്‍ ജിജിമോന്‍ കുഴിവേലി എന്നിവര്‍ പങ്കെടുത്തു.

ഫോക്കനാര്‍ സെന്റ് മാത്യൂസ് പളളിയുടെ കവാടത്തില്‍ എത്തിചേര്‍ന്ന ആര്‍ച്ച് ബിഷപ്പിനേയും റവ. ഡോ. ജെയിംസ് തോപ്പിലിനേയും ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിയേയും മറ്റു വിശിഷ്ട വ്യക്തികളേയും ഫാ. സ്റ്റീഫന്‍ കണ്ടാരപ്പളളിയുടേയും റിസപ്ഷന്‍ കമ്മിറ്റിയുടെ കണ്‍വീനര്‍ തോമസ് സജീവന്റെയും നേതൃത്വത്തിലുളള കമ്മിറ്റി സ്വീകരിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍