ജ്വാലോത്സവം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Tuesday, November 5, 2013 6:50 AM IST
ബ്രിസ്ബന്‍: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കി ബ്രിസ്ബന്‍ കേന്ദ്രമായി പ്രവര്‍ത്തനമാരംഭിച്ച ജ്വാല ചാരിറ്റബിള്‍ ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഔപചാരിക ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

നവംബര്‍ ഒമ്പതിന് (ശനി) വൈകുന്നേരം 5.30ന് അനര്‍ലി മേരി ഇമ്മാക്കുലേറ്റ് ഹാളില്‍ നടക്കുന്ന വര്‍ണപകിട്ടാര്‍ന്ന ചടങ്ങില്‍ ജ്വാലയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. പ്രസിഡന്റ് ഡോ. ചെറിയാന്‍ വര്‍ഗീസ് അധ്യക്ഷത വഹിക്കും. കൌണ്‍സിലര്‍ ഇയാന്‍ മെക്കന്‍സി, ഇന്ത്യന്‍ എംബസി ബ്രിസ്ബന്‍ പ്രതിനിധി അര്‍ച്ചന സിംഗ്, കാര്‍ഡിയാക് സര്‍ജന്‍ ഡോ. യൂസഫ് നാസര്‍, കെ.ജെ ജോസഫ് എന്നിവര്‍ ആശസംകള്‍ അര്‍പ്പിക്കും. സെക്രട്ടറി അഡ്വ. ടോണിയോ തോമസ് കൃതജ്ഞത രേഖപ്പെടുത്തും.

ഒട്ടേറെ കലാ-സംസ്കാരിക പരിപാടികള്‍ അരങ്ങുണര്‍ത്തുന്ന പരിപാടി തീര്‍ത്തും കേരളത്തനിമയാര്‍ന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ജ്വാല പ്രവര്‍ത്തകരുടെ കൂട്ടായ്മ ഒരുക്കുന്ന അത്താഴവിരുന്നിലൂടെ സമാഹരിക്കുന്ന മുഴുവന്‍ തുകയും അട്ടപ്പാടി സമാശ്വാസ പദ്ധതിക്കായി ശേഖരിക്കുന്നൂ എന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.

റിപ്പോര്‍ട്ട്: കെ.പി ജഗ്ജീവ്കുമാര്‍