കേരളപിറവി ആഘോഷവും ക്രിക്കറ്റ് ടൂര്‍ണമെന്റ് സമ്മാനദാനവും നവംബര്‍ ഒന്നിന്
Wednesday, October 30, 2013 8:29 AM IST
മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കേരളപിറവി ആഘോഷങ്ങളുടേയും ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സമ്മാനദാനത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

നവംബര്‍ ഒന്നിന് (വെളളി) വൈകുന്നേരം ഏഴിന് കാരമ്മസ് സൈഡിലുളള ശിവക്ഷേത്രത്തിന്റെ ഓഡിറ്റോറിയത്തില്‍ (52 സൌണ്ടറി റോഡ്, ക്യാരസ് ഡൌണ്‍) സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി, ഡയനാ സില്‍വസ്റ്റര്‍, വിക്ടോറിയ പാര്‍ലമെന്റ് അംഗം ജൂഡ് പെരെരാ എംപി എന്നിവരെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്റ്റേജിലേക്ക് ആനയിക്കും. മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയായുടെ ചാരിറ്റി ഫണ്ടിന്റെയും ആക്ടിവിറ്റി ഹബിന്റെയും ഉദ്ഘാനം ഭരത് സുരേഷ് ഗോപി നിര്‍വഹിക്കും. അസോസിയേഷന്‍ പുറത്തിറക്കുന്ന സുവനീയറിന്റെ പ്രകാശന കര്‍മം ഡയനാ സില്‍വസ്റ്റര്‍ നിര്‍വഹിക്കും. ജൂഡ് പെരെര എംപി ആശംസ അര്‍പ്പിക്കും.

തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ സ്റ്റേജില്‍ അരങ്ങേറും. ക്രിക്കറ്റ് ടൂര്‍ണമെന്റിലെ വിജയികള്‍ക്കുളള സമ്മാനദാനം ഭരത് സുരേഷ് ഗോപി നിര്‍വഹിക്കുന്നതോടുകൂടി അസോസിയേഷന്റെ ചരിത്ര നിമിഷങ്ങള്‍ക്ക് തിരശീല വീഴും.

പരിപാടിയില്‍ പങ്കെടുക്കാനായി മെല്‍ബണില്‍ എത്തിച്ചേര്‍ന്ന ഭരത് സുരേഷ് ഗോപിയെ അസോസിയേഷന്റെ പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ ജി. ഗോപകുമാര്‍, മദനന്‍ ചെല്ലപ്പന്‍ എന്നിവര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.

31 ന് (വ്യാഴം) വൈകിട്ട് സാന്റിനോഗിലെ കാസില്‍ ഹാളില്‍ സുരേഷ് ഗോപിയുമൊത്തുള്ള ഡിന്നര്‍ നൈറ്റും സംഘടിപ്പിച്ചിട്ടുണ്െടന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍