'മുഖ്യമന്ത്രിക്ക് എതിരെയുള്ള ആക്രമണം കാടത്തം'
Monday, October 28, 2013 7:46 AM IST
മെല്‍ബണ്‍: കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഇടതുപക്ഷ ജനാധിപത്യമുന്നണി നടത്തിയ അക്രമരാഷ്ട്രീയം കാടത്തവും കേട്ടുകേള്‍വിയില്ലാത്തതുമാണെന്ന് ഒഐസിസി ഓസ്ട്രേലിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

കല്ലും കുറുവടിയും ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ തടയാനോ, പ്രവര്‍ത്തന സ്വാതന്ത്യ്രം തടയുവാനോ സാധിക്കുകയില്ലെന്നും ജനസമ്പര്‍ക്ക പരിപാടിയില്‍ ഉണ്ടായ വിജയത്തില്‍ അസൂയാലുക്കളായ സിപിഎം പ്രവര്‍ത്തകര്‍ ബോധപൂര്‍വം മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ നടത്തിയ ശ്രമം ജനം തിരിച്ചറിയുമെന്നും ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.

സിപിഎം സ്വാധീന പ്രദേശമായ കണ്ണൂരില്‍ സംസ്ഥാനതല നേതൃത്വത്തിന്റെ അറിവോടെയാണ് ഈ അക്രമം അരങ്ങേറിയതെന്നും കല്ലേറും കുറുവടിയും എറിഞ്ഞത് സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെ മുമ്പില്‍വച്ചായിരുന്നു എന്നതും സിപിഎമ്മിന്റെ പങ്ക് വ്യക്തമാക്കുന്നതായും ഒഐസിസി ദേശീയ പ്രസിഡന്റ് ജോസ് എം. ജോര്‍ജ് പത്രക്കുറിപ്പില്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ജനാധിപത്യപരമായ നടപടിയില്‍ നാടിന് നന്മയാകുന്ന ജനസമ്പര്‍ക്ക പരിപാടിയും പൊതുജന സമ്പര്‍ക്കത്തിനും ഒഐസിസിയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ഒഐസിസി ഓസ്ട്രേലിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്